ഭാരത് ജോഡോ യാത്ര കേരളം വിടുന്നു; കേരള പര്യടനം ഇന്ന് സമാപിക്കും
നിലമ്പൂർ ചുങ്കത്തറയിൽ നിന്ന് ആരംഭിക്കുന്ന ഭാരത് ജോഡോ യാത്ര ഉച്ചയോടെ വഴിക്കടവ് മണിമൂളിയിൽ സമാപിക്കും
മലപ്പുറം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനം ഇന്ന് അവസാനിക്കും. മലപ്പുറം ജില്ലയിലാണ് പദയാത്രയുടെ ഇന്നത്തെ പര്യടനം. ഇതിനിടെ നിലമ്പൂരിലും ജോഡോ യാത്രയെ പരിഹസിക്കുന്ന ബാനറുയർത്തി . ഡി.വൈ.എഫ്.ഐയുടെ പേരിലുള്ള ബാനറിന് മറുപടിയായി യൂത്ത് ലീഗും കോൺഗ്രസും ബാനർ സ്ഥാപിച്ചു.
ഇന്ന് രാവിലെ നിലമ്പൂർ ചുങ്കത്തറയിൽ നിന്ന് ആരംഭിക്കുന്ന ഭാരത് ജോഡോ യാത്ര ഉച്ചയോടെ വഴിക്കടവ് മണിമൂളിയിൽ സമാപിക്കും. തുടർന്ന് തമിഴ്‌നാട്ടിലേക്കും പിന്നാലെ കർണാടകയിലേക്കുമാണ് യാത്ര പ്രവേശിക്കുക. പാലക്കാട്ടെ പര്യടനം പൂർത്തിയാക്കി ഈ മാസം 27 നാണ് ഭാരത് ജോഡോ യാത്ര മലപ്പുറം ജില്ലയിലെ പര്യടനം ആരംഭിച്ചത്. പുലാമന്തോളിൽ നിന്ന് ആരംഭിച്ച് പാണ്ടിക്കാട്, വണ്ടൂർ, നിലമ്പൂർ എന്നിങ്ങനെയാണ് കഴിഞ്ഞ രണ്ട് ദിനങ്ങളിലായി പദയാത്ര പര്യടനം നടത്തിയത്.
ഇതിനിടെ ഭാരത് ജോഡോ യാത്രയെ പരിഹസിക്കുന്ന തരത്തിൽ നിലമ്പൂരിലും ബാനർ പ്രത്യക്ഷപ്പെട്ടു . 'പോരാട്ടമാണ് ബദൽ പൊറോട്ടയല്ല' എന്നെഴുതിയ ഡി.വൈ.എഫ്.ഐയുടെ പേരിലാണ് നഗരത്തിൽ ബാനർ സ്ഥാപിച്ചത്. പിന്നാലെ ബാനറിന് മറുപടിയുമായി കോൺഗ്രസും യൂത്ത് ലീഗും ബാനറുകൾ ഉയർത്തി. പരിഹാസ ബാനറിനോട് ചേർന്നാണ് മറുപടി ബാനറുകളും ഉയർത്തിയത്. കഴിഞ്ഞ ദിവസം ഏലംകുളത്തും യാത്രയെ പരിഹസിച്ച് ബാനർ ഉയർത്തിയിരുന്നു. കോൺഗ്രസ് നേതാക്കൾ ബാനെറിനെ വിമർശിച്ചതിന് പിന്നാലെയാണ് നിലമ്പൂരിലും ബാനർ സ്ഥാപിച്ചത്.