'ഭാസുരാംഗൻ തെറ്റ് ചെയ്തതായി തെളിഞ്ഞിട്ടില്ല'; മന്ത്രി ജെ.ചിഞ്ചു റാണി
ഭാസുരാംഗനെതിരായ നടപടി വൈകിയില്ലെന്നും ഇ.ഡി പരിശോധന വന്നപ്പോൾ പാർട്ടി നടപടിയെടുത്തതു കൊണ്ടാണ് മിൽമയിൽ നിന്ന് ഉടൻ ഭാസുരാംഗനെ നീക്കിയതെന്നും ചിഞ്ചുറാണി പറഞ്ഞു
ഭാസുരാംഗൻ തെറ്റ് ചെയ്തതായി ഇപ്പൊഴും തെളിഞ്ഞിട്ടില്ലെന്ന് മന്ത്രി ജെ.ചിഞ്ചു റാണി. ഭാസുരാംഗനെതിരായ നടപടി വൈകിയില്ലെന്നും ഇ.ഡി പരിശോധന വന്നപ്പോൾ പാർട്ടി നടപടിയെടുത്തതു കൊണ്ടാണ് മിൽമയിൽ നിന്ന് ഉടൻ ഭാസുരാംഗനെ നീക്കിയതെന്നും മന്ത്രി പറഞ്ഞു.
ഭാസുരാംഗന്‍റെ വീട്ടിലേക്ക് കടന്നുകയറിയ ഇ.ഡി പിശോധന റിപ്പോർട്ട് പുറത്തുവന്നിട്ടില്ലെന്നും ചിഞ്ചു റാണി പറഞ്ഞു.
ഇ.ഡി റെയ്ഡിന് പിന്നാലെ മിൽമ തിരുവനന്തപുരം മേഖല അഡിമിന്ട്രെറ്റീവ് കമ്മിറ്റികൺവീനർ സ്ഥാനത്തു നിന്നും എൻ.ഭാസുരാംഗനെ മാറ്റി. പകരം മണി വിശ്വനാഥിനെ നിയമിച്ചിരുന്നു. മിൽമ യൂണിയന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത യൂണിയൻ തലപ്പത്തെത്തുന്നത്. ഭാസുരാംഗന് അനുവദിച്ച വാഹനവും മിൽമ തിരിച്ചെടുത്തിരുന്നു. ഇന്നലെയായിരുന്നു നടപടി.
കണ്ടല ബാങ്ക് തട്ടിപ്പിൽ ഭാസുരാംഗന്റെ മകൻ അഖിൽ ജിത്തിനെ ഇ.ഡി കസ്റ്റഡിയിലെടുത്തു. ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. അഖിൽ ജിത്തിന്റെ കാറും സീൽ ചെയ്തു. പരിശോധനക്ക് ശേഷം അഖിൽ ജിത്തുമായി ഇ.ഡി കൊച്ചിക്ക് പുറപ്പെട്ടു. ഭാസുരാംഗനെ കസ്റ്റഡിയിലെടുക്കുന്നതിൽ പിന്നീട് തീരുമാനമെടുക്കും. അതേസമയം, ഭാസുരാംഗന്റെ വീട്ടിലെ പരിശോധന അവസാനിച്ചു. എന്നാൽ, ബാങ്കിന്റെ മാറനല്ലൂർ ശാഖയിലെ പരിശോധനയും പൂർത്തിയായി. 39 മണിക്കൂറുകളാണ് പരിശോധന നീണ്ടത്.
കണ്ടല ബാങ്കിലെ ക്രമക്കേട് സഹകരണ രജിസ്ട്രാർ കണ്ടെത്തിയതിന് പിന്നാലെ എന്‍ ഭാസുരാംഗനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിലേക്ക് തരം താഴ്ത്തിയിരിന്നു.കോടികളുടെ ക്രമക്കേട് ആയിട്ടും അന്ന് കടുത്ത നടപടിയിലേക്ക് സി.പി.ഐ പോയില്ല. ഭാസുരാംഗന്‍റെ വീട്ടിലും കണ്ടല ബാങ്കിലും ഇ.ഡി മാരത്തോണ്‍ പരിശോധന ആരംഭിച്ചതിന് പിന്നാലെയാണ് നടപടി കടുപ്പിക്കാന്‍ സംസ്ഥാന നേതൃത്വം ജില്ലാനേതൃത്വത്തിന് നിർദേശം നല്‍കിയത്. തുടർന്ന് ഇന്ന് രാവിലെ ചേർന്ന ജില്ലാഎക്സിക്യൂട്ടീവ് ആണ് ഭാസുരാംഗനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്.
.കണ്ടല ബാങ്ക് ക്രമക്കേടില്‍ മറ്റ് പാർട്ടി അംഗങ്ങള്‍ക്കും ബന്ധമുണ്ടെങ്കില്‍ കടുത്ത നടപടി സ്വീകരിക്കാന്‍ സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തിന് നിർദേശം നല്‍കിയിട്ടുണ്ട്.