കെ.എസ്.ആർ.ടി.സിയിലെ കെ.എ.എസുകാരെ സ്വതന്ത്ര ചുമതലയുള്ളവരാക്കി നിയമിക്കുമെന്ന പ്രഖ്യാപനം നടപ്പായില്ല; ഉദ്യോഗസ്ഥർ കടുത്ത അതൃപ്തിയിൽ
കെ.എ.എസുകാരെ കെ.എസ്.ആർ.ടി.സിയിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർമാർക്ക് കീഴിലാക്കി നിയമന ഉത്തരവിറക്കി
തിരുവനന്തപുരം: ബിജു പ്രഭാകർ ഒഴിഞ്ഞതിന് പിന്നാലെ അദ്ദേഹം കെ.എസ്.ആർ.ടി.സിയിൽ കൊണ്ടുവന്ന കെ.എ.എസുകാർക്ക് കഷ്ടകാലം. സ്വതന്ത്ര ചുമതലയുള്ള ജനറൽ മാനേജർമാരായി നിയമിക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കിയില്ല. കെ.എ.എസുകാരെ കെ.എസ്.ആർ.ടി.സിയിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർമാർക്ക് കീഴിലാക്കി നിയമന ഉത്തരവിറക്കി. കടുത്ത അതൃപ്തിയിലാണ് കെ.എസ്.ആർ.ടി.സിയിലെ കെ.എ.എസ് ഉദ്യോഗസ്ഥർ.
അതേസമയം, ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറുമായുള്ള ഭിന്നത നിലനിൽക്കെ ഗതാഗത സെക്രട്ടറി സ്ഥാനത്ത് നിന്ന് ബിജു പ്രഭാകറിനെ മാറ്റിയത്. വ്യവസായ വകുപ്പ് സെക്രട്ടറിയായിട്ടാണ് പകരം നിയമനം. റയിൽവെ, ഏവിയേഷൻ, മെട്രോ എന്നിവയുടെ അധിക ചുമതലയിൽ തുടരും. കെ.എസ്.ആർ.ടി.സി സി.എം.ഡി സ്ഥാനത്ത് നിന്നും അദ്ദേഹം മാറി.
കെ. വാസുകിക്കാണ് ഗതാഗത സെക്രട്ടറിയുടെ അധിക ചുമതല നൽകിയത്. ലേബർ കമ്മീഷണറായിരുന്ന വാസുകിയെ തൊഴിൽ വകുപ്പ് സെക്രട്ടറിയായും നിയമിച്ചു. അർജൂൺ പാണ്ഡ്യനാണ് പുതിയ ലേബർ കമീഷണർ. തൊഴിൽ വകുപ്പ് സെക്രട്ടറിയായിരുന്ന സൗരഭ് ജയിനിനെ ഊർജ സെക്രട്ടറിയായും നിയമിച്ചു.