ലഹരി ഉപയോഗത്തിനും ആർഭാട ജീവിതത്തിനും പണം കണ്ടെത്താൻ ബൈക്ക് മോഷണം; പ്രായപൂർത്തിയാകാത്ത ഏഴംഗ സംഘം പിടിയിൽ
മോഷ്ടിച്ച ശേഷം ഉടമസ്ഥരും പൊലീസും തിരിച്ചറിയാതിരിക്കാൻ വാഹനങ്ങൾക്ക് രൂപമാറ്റം വരുത്തുകയും വ്യാജ നമ്പർ പ്ലേറ്റുകൾ ഘടിപ്പിക്കുകയും ചെയ്യും
കോഴിക്കോട്: ജില്ലയിൽ വിവിധ വാഹനമോഷണ കേസുകളിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത കുട്ടികളെ സിറ്റി സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് പിടികൂടി. ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ച ഏഴംഗ സംഘമാണ് പിടിയിലായത്. ലഹരി ഉപയോഗത്തിനും ആർഭാട ജീവിതത്തിനുമായി പണം കണ്ടെത്താനാണ് മോഷണം നടത്തിയതെന്നാണ് കുട്ടികളുടെ മൊഴി.
ജില്ലയിൽ ഇരുചക്ര വാഹന മോഷണങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ, ജില്ല പോലീസ് മേധാവിയുടെ നിർദേശ പ്രകാരം നടത്തിയ പരിശോധനയിലാണ് പ്രായപൂർത്തി ആവാത്ത കുട്ടികൾ പിടിയിലായത്. സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് വാഹനമോഷണം നടന്ന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അതിലുൾപ്പെട്ടവരെപ്പറ്റി അന്വേഷണം നടത്തി. മോഷണസംഘത്തിലുൾപ്പെട്ടവരെല്ലാം പ്രായപൂർത്തിയാവാത്തവരാണെന്ന് മനസിലാക്കിയ പൊലീസ് രക്ഷിതാക്കളെ വിളിച്ചുവരുത്തി വിവരം ധരിപ്പിച്ചു.
ബൈക്ക് ഓടിക്കാനുള്ള ആഗ്രഹം കൊണ്ടും ലഹരി ഉപയോഗിക്കാനും ആർഭാട ജീവിതത്തിനുമായി പണം കണ്ടെത്താനാണ് മോഷണം നടത്തുന്നത് എന്ന് കുട്ടികൾ പൊലീസിൽ മൊഴി നൽകി. മോഷ്ടിച്ച ശേഷം ഉടമസ്ഥരും പോലീസും തിരിച്ചറിയാതിരിക്കാൻ വാഹനങ്ങൾക്ക് രൂപമാറ്റം വരുത്തുകയും വ്യാജ നമ്പർ പ്ലേറ്റുകൾ ഘടിപ്പിക്കുകയും ചെയ്യും. നടക്കാവ്, ബേപ്പൂർ, ടൗൺ, വെള്ളയിൽ, പന്തീരങ്കാവ് പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്നും മോഷണം നടത്തിയത് ഈ സംഘമാണെന്ന് തെളിഞ്ഞിട്ടുണ്ട്. നിരവധി വാഹനങ്ങൾ അന്വേഷണ സംഘം കണ്ടെടുത്തു . ഇത്തരം കുട്ടികളിൽ പ്രത്യേക നിരീക്ഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ജില്ല പോലീസ് മേധാവി ഡി.ഐ.ജി രാജ്പാൽ മീണ പറഞ്ഞു.