എഞ്ചിൻ കപ്പാസിറ്റി കൂടിയ ബൈക്കുകൾ നിയന്ത്രിക്കണം: മനുഷ്യാവകാശ കമ്മീഷൻ
കേരളത്തിലെ റോഡുകള്‍ ഇത്തരം ബൈക്കുകൾക്ക് അനുയോജ്യമല്ലെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ
തിരുവനന്തപുരം: കേരളത്തിൻെറ പരിതസ്ഥിതിക്ക് അനുയോജ്യമല്ലാത്ത എഞ്ചിൻ കപ്പാസിറ്റി കൂടിയ ബൈക്കുകളുടെ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക്. ഇക്കാര്യത്തിൽ അനന്തര നടപടികൾ സ്വീകരിക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ കമ്മീഷനെ അറിയിച്ചു.
ജനുവരി 30 ന് തിരുവല്ലം ബൈപ്പാസിൽ അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ച് വഴിയാത്രക്കാരിയായ സന്ധ്യയും ബൈക്ക് യാത്രികനായ അരവിന്ദും മരിച്ച സംഭവത്തിൽ കമ്മീഷൻ പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ബൈക്ക് റേസിംഗാണ് അപകടകാരണമെന്ന് ആരോപണം ഉയർന്നിരുന്നു.
1000 സി.സി.എഞ്ചിൻ കപ്പാസിറ്റിയുള്ള ബൈക്കാണ് അപകടത്തിൽ പെട്ടത്. അമിത വേഗതയാണ് അപകട കാരണമെന്ന് പൊലീസ് കണ്ടെത്തി. കേരളത്തിലെ റോഡുകള്‍ ഇത്തരം ബൈക്കുകൾക്ക് അനുയോജ്യമല്ലെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. മീഡിയനുകളിൽ വളർന്നു നിൽക്കുന്ന ചെടികൾ മറുവശത്തെ കാഴ്ച മറക്കുമെന്നും നിരവധി കത്തുകൾ നൽകിയിട്ടും ദേശീയപാതാ അതോറിറ്റി തെരുവുവിളക്കുകൾ കത്തിച്ചിട്ടില്ലെന്നും തിരുവല്ലം പൊലീസ് ഇൻസ്പെക്ടർ കമ്മീഷനെ അറിയിച്ചു.
മുന്നറിയിപ്പ് ബോർഡുകളോ സീബ്രാ ക്രോസിംഗോ സ്പീഡ് ബ്രേക്കറോ ഇല്ലെന്നും ഇൻസ്പെക്ടർ അറിയിച്ചു. അമിത വേഗത തടയാൻ സംസ്ഥാനത്തെ റോഡുകളിൽ സ്പീഡ് ബ്രേക്കറുകളും മുന്നറിയിപ്പ് ബോർഡുകളും സ്പീഡ് ബമ്പുകളും റോഡ് മുറിച്ചുകടക്കാതിരിക്കാൻ മീഡിയനുകളിൽ ഫെൻസിംഗും സ്ഥാപിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. മീഡിയനുകളിലുള്ള ചെടികൾ മറുവശത്തെ കാഴ്ച മറയ്ക്കാതിരിക്കാൻ ഇടയ്ക്കിടെ പരിശോധിക്കണം. ആളുകൾക്ക് അപകടം കൂടാതെ റോഡ് മുറിച്ചുകടക്കാൻ സൗകര്യം ഒരുക്കണം. വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും കാഴ്ച മറയ്ക്കുന്ന ബോർഡുകൾ ,ഹോർഡിംഗ്, കൊടി എന്നിവ സ്ഥാപിക്കരുത്. തെരുവുവിളക്കുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ തെരുവുവിളക്കുകൾ സ്ഥാപിക്കണം. വാഹന റേസിംഗ് ഒഴിവാക്കാൻ പൊലീസ് പെട്രോളിംഗ് ഉറപ്പാക്കണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, ട്രാൻസ്പോർട്ട് കമ്മീഷണർ, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, തിരുവനന്തപുരം സിറ്റി ഐ.ജി. ആൻറ് കമ്മിഷണർ എന്നിവർക്കാണ് ഉത്തരവ് അയച്ചത്.