'നെഗറ്റീവായിട്ടും പത്ത് ദിവസം ആശുപത്രിയില്‍ കഴിഞ്ഞു, മടക്കവും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്': ബിന്ദു കൃഷ്ണ
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ കോവിഡ് പ്രോട്ടോകോള്‍ ലംഘനം വാര്‍ത്തയായിരുന്നു. ഈ പശ്ചാതലത്തിലായിരുന്നു ബിന്ദുകൃഷ്ണയുടെ പ്രതികരണം.
കോവിഡ് ടെസ്റ്റില്‍ നെഗറ്റീവായിട്ടും പത്ത് ദിവസം ആശുപത്രിയില്‍ കിടന്ന് പൂര്‍ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആശുപത്രി വിട്ടതെന്ന് കൊല്ലം ഡിസിസി അദ്ധ്യക്ഷ ബിന്ദുകൃഷ്ണ. പിപിഇ കിറ്റ് ധരിച്ച് ഉമ്മന്‍ചാണ്ടി കാറില്‍ മടങ്ങുന്നതിന്റെ ചിത്രം പങ്കുവെച്ചാണ് ബിന്ദുകൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റ്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ കോവിഡ് പ്രോട്ടോകോള്‍ ലംഘനം വാര്‍ത്തയായിരുന്നു. ഈ പശ്ചാതലത്തിലായിരുന്നു ബിന്ദുകൃഷ്ണയുടെ പ്രതികരണം.
നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ഉമ്മൻചാണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ നിരീക്ഷണത്തിലായിരുന്ന അദ്ദേഹത്തെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അദ്ദേഹത്തിന് കോവിഡ് ലക്ഷണങ്ങളും ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണവും വോട്ടെടുപ്പും കഴിഞ്ഞതിന് പിന്നാലെയാണ് ഉമ്മൻചാണ്ടിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. പുതുപ്പള്ളിയിൽ യു.ഡി.എഫ് സ്ഥാനാർഥിയായ ഉമ്മൻചാണ്ടി, സംസ്ഥാനമാകെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കണ്ണൂരിലെ വീട്ടിലായിരുന്ന അദ്ദേഹത്തെ കോവിഡ് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. രോഗം സ്ഥിരീകരിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ദിവസങ്ങൾക്ക് മുൻപാണ് മുഖ്യമന്ത്രി കോവിഡ് മുക്തനായി ആശുപത്രി വിട്ടത്.