'അച്ഛന്റെ മരണശേഷം വീട്ടിലെത്തിയത് മായാതെ മനസിലുണ്ട്': ബിനീഷ് കോടിയേരി
കോടിയേരി ബാലകൃഷ്ണനോട് അത്രമേൽ സൗഹൃദം കാത്തുസൂക്ഷിച്ച നേതാവാണെന്നും ബിനീഷ് ഫേസ്ബുക്കിൽ കുറിച്ചു.
കണ്ണൂർ: ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അനുശോചിച്ച് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി. സ്വന്തം കുടുംബത്തെ പോലെ വാത്സല്യത്തോടെ മാത്രം സംസാരിച്ചിരുന്നയാളാണ് ഉമ്മൻചാണ്ടിയെന്നും കോടിയേരിയോട് അത്രമേൽ സൗഹൃദം കാത്തുസൂക്ഷിച്ച നേതാവാണെന്നും ബിനീഷ് ഫേസ്ബുക്കിൽ കുറിച്ചു.
കോടിയേരി ബാലകൃഷ്മന്റെ മരണശേഷം ഉമ്മൻചാണ്ടി വീട്ടിലെത്തി ആശ്വസിപ്പിച്ചതും ബിനീഷ് ഓർക്കുന്നു. കൂടുതൽ എഴുതണമെന്നുണ്ടെങ്കിലും വാക്കുകൾ മുറിഞ്ഞുപോകുന്നുവെന്നും ബിനീഷ് കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
എപ്പോഴെല്ലാം കണ്ടിട്ടുണ്ടോ അപ്പോഴെല്ലാം സ്വന്തം കുടുംബത്തെ പോലെ വാത്സല്യത്തോടെ മാത്രം സംസാരിച്ചിരുന്ന ഉമ്മൻ ചാണ്ടി അങ്കിൾ...
അച്ഛന്റെ മരണശേഷം വീട്ടിൽ വന്ന് ഞങ്ങളെ കണ്ട നിമിഷം മായാതെ മറയാതെ മനസ്സിൽ വരുന്നു. അത്രയും അവശതയിലും പറഞ്ഞത് എനിക്ക് ഇവിടെ വരാതിരിക്കാനാവില്ല ഇത് എന്റെ കൂടി കുടുംബമാണെന്നാണ്. അച്ഛനോട് ഇത്രവും വ്യക്തിപരമായി സൗഹൃദം കാത്തു സൂക്ഷിച്ച നേതാവ് സുഹൃത്ത്. കൂടുതലായി എഴുതണമെന്നുണ്ട് പക്ഷെ അതിനുള്ള വാക്കുകൾ മുറിഞ്ഞു പോകുന്നു. കോൺഗ്രസിലെ ജനകീയൻ ആരെന്ന ചോദ്യത്തിന്റെ ഒരേ ഒരു ഉത്തരമാണ് വിട പറഞ്ഞത്. വ്യക്തിപരമായി ഞങ്ങൾക്ക് മറക്കാനാവാത്ത വ്യക്തിത്വം. കുടുംബത്തിന്റെ ദുഃഖത്തിൽ ആത്മാർത്ഥമായി പങ്കുചേരുന്നു.
ഉമ്മൻ ചാണ്ടി അങ്കിൾ വിട..
കാൻസർ ബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്ന ഉമ്മൻചാണ്ടിയുടെ അന്ത്യം ഇന്ന് പുലർച്ചെ ബംഗളൂരുവിലായിരുന്നു. മകൻ ചാണ്ടി ഉമ്മനാണ് മരണവിവരം സ്ഥിരീകരിച്ചത്. മൃതദേഹം നാളെ ഉച്ചയ്ക്ക് തിരുവനന്തപുരത്തെത്തിക്കും. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് പുതുപ്പള്ളിയിൽ നടക്കും.