ആർ.എസ്.എസ് വിരുദ്ധ നിലപാടിലൂന്നി എൽ.ഡി.എഫിനെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം: ബിനോയ് വിശ്വം
എൽ.ഡി.എഫിൽ രണ്ടാമത്തെ കക്ഷി സി.പി.ഐ ആണ്. അതിൽ സംശയമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
തിരുവനന്തപുരം: ആർ.എസ്.എസ് വിരുദ്ധ നിലപാടിലൂന്നി എൽ.ഡി.എഫിനെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള ബിനോയ് വിശ്വം. ഇന്ത്യയുടെ ഭാവി നിർണയിക്കാനുള്ള മഹത്തായ സമരമാണ് വരാൻ പോകുന്നത്. ആർ.എസ്.എസും ബി.ജെ.പിയും ഇതിൽ ജയിക്കാൻ പാടില്ല. ഇതാണ് വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മർമം. അതിനായി ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.
പ്രതിപക്ഷ ഐക്യം വേണമെന്ന് ആദ്യം പറഞ്ഞത് സി.പി.ഐ ആണ്. ഇടതുപക്ഷ എം.പിമാരെ മാത്രമേ വിശ്വസിച്ച് തിരഞ്ഞെടുക്കാൻ പറ്റൂ. മറ്റുള്ളവർ എത്രകാലം മതേതര ചേരിക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് പറയാൻ പറ്റില്ല. എൽ.ഡി.എഫിൽ രണ്ടാമത്തെ കക്ഷി സി.പി.ഐ ആണ്. അതിൽ തങ്ങൾക്ക് സംശയമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
കാനം രാജേന്ദ്രൻ മരിച്ചതിനെ തുടർന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല ബിനോയ് വിശ്വത്തിന് നൽകിയത്. ഡിസംബർ 28ന് ചേരുന്ന സംസ്ഥാന കൗൺസിലാണ് തീരുമാനം അംഗീകരിക്കേണ്ടത്.