'പ്രണയക്കെണിയുടെ പേരിൽ വർഗീയവിഷം ചീറ്റാൻ അനുവദിക്കില്ല'; ജോസഫ് പാംപ്ലാനി
ക്രൈസ്‌തവ യുവതികളുടെ പേര് പറഞ്ഞ് ആരും വർഗീയതയ്ക്ക് പരിശ്രമിക്കേണ്ടതില്ലെന്നും തലശ്ശേരി ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനി പറഞ്ഞു
കണ്ണൂർ: ക്രൈസ്‌തവ യുവതികളുടെ പേര് പറഞ്ഞ് ആരും വർഗീയതയ്ക്ക് പരിശ്രമിക്കേണ്ടതില്ലെന്ന് തലശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. പ്രണയക്കെണിയുടെ പേര് പറഞ്ഞ് വർഗീയതയുടെ വിഷം ചീറ്റാൻ അനുവദിക്കരുത്. സ്വയം പ്രഖ്യാപിത സംരക്ഷകരാകാൻ ആരും ശ്രമിക്കേണ്ടെന്നും പാംപ്ലാനി പറഞ്ഞു. കണ്ണൂർ ചെമ്പേരിയിലെ KCYM യുവജന സംഗമത്തിലാണ് ബിഷപ്പിന്റെ പ്രതികരണം.
'നമ്മുടെ പെൺകുട്ടികളുടെ പേരുപറഞ്ഞ് ഒരു വർഗീയ ശക്തികളും ഇവിടെ വർഗീയ വിഷം വിതക്കാൻ പരിശ്രമിക്കേണ്ട. നമ്മുടെ പെൺകുട്ടികളെ സംരക്ഷിക്കാൻ നമ്മുടെ സമുദായത്തിനറിയാം. നമ്മുടെ പെൺകുട്ടികളുടെ അഭിമാനത്തിന് വിലപറയാൻ ഇനി ഒരാളെ പോലും അനുവദിക്കില്ല'; ബിഷപ് പറഞ്ഞു. ക്രൈസ്‌തവ യുവതികളെ ലവ് ജിഹാദില്‍പ്പെടുത്തി മതം മാറ്റുന്നുവെന്ന പ്രചാരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പെൺകുട്ടികളെ അഭിസംബോധന ചെയ്‌തുകൊണ്ടായിരുന്നു മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസംഗം. പെൺകുട്ടികൾ ആത്മാഭിമാനമുള്ളവരും വിവേകമുള്ളവരുമാണെന്നും തലശ്ശേരിയിലെ ഒരു പെണ്‍കുട്ടിയെപ്പോലും ആര്‍ക്കും പ്രണയക്കുരുക്കിലോ ചതിയിലോ പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.