100 കുടുംബങ്ങൾക്ക് സ്ഥലം, എല്ലാം നഷ്ടപ്പെട്ട കുട്ടികൾക്ക് ഗസ്റ്റ് ഹൗസിൽ കൊണ്ടുപോയി ശുശ്രൂഷ; ദുരന്തബാധിതർക്ക് സഹായവുമായി ബോബി ചെമ്മണ്ണൂർ
ആരുമില്ലാതായിപ്പോയ ചെറിയ കുട്ടികളെ സ്വന്തം ഗസ്റ്റ്ഹൗസുകളിൽ എത്തിച്ച് ശ്രുശൂഷിക്കുമെന്നും അവരെ കൂടെകൂട്ടുന്നതിനുള്ള കാര്യങ്ങൾ കലക്ടറുമായി സംസാരിച്ചതായും ബോബി ചെമ്മണ്ണൂര്‍
കോഴിക്കോട്: മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ വയനാട്ടുകാർക്ക് കൈത്താങ്ങുമായി ബോബി ചെമ്മണ്ണൂർ. നൂറ് കുടുംബങ്ങൾക്ക് വീട് വെക്കാൻ സ്ഥലം സൗജന്യമായി നൽകുമെന്നും ഇക്കാര്യം മന്ത്രിമാരെയും അധികൃതരെയും അറിയിക്കുകയും സമ്മതപത്രം നൽകുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
എല്ലാവരേയും നഷ്ടമായി ആരുമില്ലാതായിപ്പോയ ചെറിയ കുട്ടികളെ നേരിട്ട് സ്വന്തം ഗസ്റ്റ്ഹൗസുകളിൽ എത്തിച്ച് അവരെ ശ്രുശൂഷിക്കുമെന്നും അടിയന്തരമായി അവരെ കൂടെകൂട്ടുന്നതിനുള്ള കാര്യങ്ങൾ കലക്ടറുമായി സംസാരിച്ചതായും അനുവാദം കിട്ടിയാൽ അത് വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് ആംബുലൻസുകൾ, ബോച്ചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങളെല്ലാം പ്രദേശത്ത് പ്രവർത്തിക്കുന്നുണ്ടെന്നും ബോബി വ്യക്തമാക്കി.'വീട് വെക്കുന്നതിനായി അഞ്ചോ പത്തോ ഏക്കർ സ്ഥലം വേണ്ടിവരും. എല്ലാം നഷ്ടപെട്ട് വരുന്ന അവരെ ചെറുതാക്കി കാണാൻ പാടില്ല. അവർക്ക് മാന്യമായ സൗകര്യത്തിൽ വീട് വെച്ചു കൊടുക്കണമെന്നും' അദ്ദേഹം പറഞ്ഞു.
അതേസമയം സ്ഥലത്തോടൊപ്പം അവിടെ വീടുകൂടി നിർമ്മിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ചിലർ സംഭാവന നൽകാമെന്ന് വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനെ കുറിച്ച് ഇപ്പോൾ ചർച്ചചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.