സുഡാനിൽ കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി
ഭർത്താവിന്റെ മൃതദേഹം മാറ്റാൻ സഹായം അഭ്യർഥിച്ചുള്ള ഭാര്യയുടെ ഓഡിയോ സന്ദേശം ഇന്നലെ പുറത്തുവന്നിരുന്നു
ന്യൂഡൽഹി:സുഡാനിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെയോടെയാണ് ആംബുലൻസ് എത്തിച്ച് മൃതദേഹം മാറ്റിയത് . കൊല്ലപ്പെട്ട ആൽബർട്ടിന്റെ കുടുംബത്തെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായി ഇന്ത്യൻ എംബസി അറിയിച്ചു.
ഭർത്താവിന്റെ മൃതദേഹം മാറ്റാൻ സഹായം അഭ്യർഥിച്ചുള്ള ആൽബർട്ട് അഗസ്റ്റിന്റെ ഭാര്യ സൈബല്ല ഓഡിയോ സന്ദേശം ഇന്നലെ പുറത്തുവന്നിരുന്നു. 24 മണിക്കൂർ കഴിഞ്ഞിട്ടും മൃതദേഹം നീക്കാൻ സാധിച്ചിട്ടില്ല. ഫ്‌ലാറ്റിന്റെ അടിത്തട്ടിൽ ഭക്ഷണം പോലും ഇല്ലാതെ ഭയന്ന് കഴിയുകയാണെന്നുമായിരുന്നു സൈബല്ല ഓഡിയോ സന്ദേശത്തിൽ പറഞ്ഞത്. മൃതദേഹം കൊണ്ടുവരാനും തങ്ങൾക്ക് നാട്ടിലെത്താനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര സഹായം ചെയ്യണമെന്നും സൈബല്ല ആവശ്യപ്പെട്ടിരുന്നു.
ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ കഴിഞ്ഞദിവസമാണ് കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആൽബർട്ട് അഗസ്റ്റിൻ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഫ്‌ലാറ്റിനുള്ളിൽ നിന്ന് മകനു ഫോൺ ചെയ്യുന്നതിനിടെയാണ് ആൽബർട്ടിന് വെടിയേറ്റത്. ഫ്‌ലാളാറ്റിന് മുന്നിൽ ബഹളം കേൾക്കുകയും ഇത് എന്താണെന്ന് നോക്കാനായി ജനലിനരികിലേക്ക് എത്തിയപ്പോഴായിരുന്നു വെടിയേറ്റത്. ഈ സമയം ഭാര്യയും മകളും ഒപ്പമുണ്ടായിരുന്നു. ഇവർ അത്ഭുതകരമായി രക്ഷപ്പെട്ടു.വെടിയേറ്റ വിവരം ഭാര്യയാണ് നാട്ടിലേക്ക് വിളിച്ചറിയിച്ചത്. രണ്ടാഴ്ച മുമ്പാണ് ഭാര്യയും ഒമ്പതാംക്ലാസ് വിദ്യാർഥിയായ മകളും സുഡാനിലേക്ക് പുറപ്പെട്ടത്. ഭർത്താവിന്റെ അടുത്തുനിന്നും തിരികെ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അദ്ദേഹത്തിന് വെടിയേൽക്കുന്നത്.