നെടുമ്പാശ്ശേരിയിൽ വിമാനങ്ങൾക്ക് ബോംബ് ഭീഷണി; എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങൾക്കാണ് ഭീഷണി

ഒരാഴ്ചക്കിടെ നൂറിലധികം വിമാനങ്ങൾക്കു നേരെ ബോംബ് ഭീഷണി ഉയർന്നതോടെ രാജ്യത്തെ വ്യോമയാന മേഖല പ്രതിസന്ധിയിൽ

Update: 2024-10-22 13:39 GMT
Advertising

എറണാകുളം: നെടുമ്പാശ്ശേരിയിൽ വീണ്ടും വിമാനങ്ങൾക്ക് ബോംബ് ഭീഷണി. ഉച്ചയ്ക്ക് നെടുമ്പാശ്ശേരിയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിനും, ഇൻഡിഗോയുടെ ബംഗളരു വിമാനത്തിനുമായിരുന്നു ഭീഷണി. വിമാനങ്ങൾ പുറപ്പെട്ട ശേഷമാണ് ഭീഷണി സന്ദേശം ലഭിച്ചത്.

ഇൻഡി​ഗോ വിമാനം ലക്നൗവിലിറങ്ങിയപ്പോൾ പരിശോധന നടത്തി. രാത്രി ഒമ്പത് മണിക്ക് വിമാനം തിരികെയെത്തും തുടർന്ന് വീണ്ടും പരിശോധന നടത്തും. ഭീഷണി വ്യാജമാണെന്ന് ഔ​ദ്യോ​ഗിക സ്ഥിരീകരണമില്ലെങ്കിലും വ്യാജമെന്നാണ് സിയാൽ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ഒരാഴ്ചക്കിടെ നൂറിലധികം വിമാനങ്ങൾക്കു നേരെ ബോംബ് ഭീഷണി ഉയർന്നതോടെ രാജ്യത്തെ വ്യോമയാന മേഖല പ്രതിസന്ധിയിലാണ്. തുടർച്ചയായി ഇ മെയിൽ, എക്സ് അക്കൗണ്ടുകൾ വഴിയാണ് ഭീഷണികൾ വരുന്നത്. ദുരൂഹത തുടരുന്നതിനൊപ്പം പിന്നിലാരെന്ന അന്വേഷണവും തുടരുകയാണ്. സന്ദേശം അയക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ പറയുമ്പോഴും ഭീഷണികൾക്ക് കുറവില്ല.

ഇൻഡിഗോ, വിസ്താര, ആകാശ, എയർ ഇന്ത്യ വിമാനങ്ങൾക്കാണ് കൂടുതലും ഭീഷണി. വിമാനങ്ങൾക്ക് പുറമെ വിമാനത്താവളങ്ങൾക്കും ഭീഷണികൾ ഉണ്ടാകുന്നുണ്ട്. ഇത്രയേറെ ഭീഷണികൾ എത്തുന്നതിനു പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഞാറാഴ്ച 240-ലധികം യാത്രക്കാരുമായി ഡൽഹിയിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്കുള്ള വിസ്താര വിമാനത്തിന് ഭിഷണി ഉണ്ടായതിനെ തുടർന്ന് അഫ്ഗാനിസ്ഥാനിൽ ഇറക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, അഫ്ഗാനിസ്ഥാൻ വിമാനമിറക്കാൻ അനുമതി നിഷേധിക്കുകയും തുടർന്ന് ഡൽഹിയിലേക്ക് തിരിച്ച് പറക്കുകയും ചെയ്തു.

വിപിഎൻ ഉപയോഗിച്ച് ലൊക്കേഷൻ മറയ്ക്കുന്നതിനാൽ അക്കൗണ്ട് ഉടമകളെ കണ്ടെത്താൻ പ്രയാസമാണ്. ഡൽഹി പൊലീസിന്റെ സൈബർ സെല്ലും, ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷനും ചേർന്നാണ് കേസുകൾ അന്വേഷിക്കുന്നത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ സി.ഐ.എസ്.എഫ്, ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി എന്നിവയുടെ ഡയറക്ടർ ജനറൽമാരുമായി കൂടിക്കാഴ്ച നടത്തി

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News