'ബി.ആർ.എസ് ബി.ജെ.പിയിൽ ലയിക്കും'; കെ.സി.ആറിന് ഗവർണർ പദവിയും കെ.ടി.ആറിന് കേന്ദ്രമന്ത്രി സ്ഥാനവും ഓഫറെന്ന് രേവന്ത് റെഡ്ഡി
നിയമസഭാ, ലോക്സഭാ തിരിച്ചടികള്‍ക്കു പിന്നാലെ പത്ത് എം.എൽ.എമാരും ആറ് എം.എൽ.സിമാരുമാണ് ബി.ആര്‍.എസ് വിട്ട് ഏതാനും മാസങ്ങൾക്കിടെ കോൺഗ്രസിൽ ചേർന്നത്
ഹൈദരാബാദ്/ന്യൂഡൽഹി: കെ. ചന്ദ്രശേഖർ റാവുവിന്റെ ഭാരത രാഷ്ട്രസമിതി(ബി.ആർ.എസ്) ബി.ജെ.പിയിൽ ലയിക്കാൻ നീക്കം നടത്തുന്നുവെന്ന രാഷ്ട്രീയ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. അധികം വൈകാതെ ലയനമുണ്ടാകുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. കെ.സി.ആറിനെ ഗവർണർ പദവിയും മകനും മുൻ തെലങ്കാന ഐ.ടി മന്ത്രിയുമായ കെ.ടി രാമറാവുവിന് കേന്ദ്രമന്ത്രി സ്ഥാനവുമാണ് ബി.ജെ.പി മുന്നോട്ടുവയ്ക്കുന്ന പ്രധാന ഓഫറുകളെന്നും അവകാശപ്പെടുന്നു രേവന്ത്.
ആഗസ്റ്റ് 20ന് ഹൈദരാബാദിൽ നടക്കുന്ന രാജീവ് ഗാന്ധി പ്രതിമ അനാച്ഛാദനത്തിലേക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ക്ഷണിക്കാനായി ഡൽഹിയിലെത്തിയതായിരുന്നു രേവന്ത് റെഡ്ഡി. ഇതിനിടയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് കെ.സി.ആറിനെതിരെ ഗുരുതരമായ രാഷ്ട്രീയാരോപണം ഉയർത്തിയിരിക്കുന്നത്ത്. തെലങ്കാനയിലെ ബി.ആർ.എസ്, ബി.ജെ.പി നേതാക്കൾ ലയനനീക്കം നിഷേധിക്കുന്നുണ്ടെങ്കിലും അധികം വൈകാതെ അതു സംഭവിക്കുമെന്ന് രേവന്ത് വാദിക്കുന്നുണ്ട്.
കെ.സി.ആറിനും കെ.ടി.ആറിനും പിന്നാലെ ഇവരുടെ ബന്ധുവായ ടി. ഹരീഷ് റാവുവിനെ തെലങ്കാന പ്രതിപക്ഷ നേതാവാക്കാനും ആലോചനയുണ്ടെന്ന് അദ്ദേഹം തുടരുന്നു. നിലവിൽ ഡൽഹി മദ്യനയ അഴിമതിക്കേസിൽ ജയിലിലുള്ള കെ.സി.ആറിന്റെ മകൾ കെ. കവിതയ്ക്കു ജാമ്യം നൽകാനായി ബി.ആർ.എസിന്റെ നാല് രാജ്യസഭാ അംഗങ്ങളെ ബി.ജെ.പിക്കു നൽകുമെന്നും ആരോപണമുയർത്തിയിരിക്കുകയാണ് തെലങ്കാന മുഖ്യമന്ത്രി.
നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബി.ആർ.എസ് വൻ തോൽവി നേരിട്ടിരുന്നു. 2019ൽ ആകെ 17 സീറ്റിൽ ഒൻപതു സീറ്റുമായി മുന്നിലുണ്ടായിരുന്ന അന്നത്തെ തെലങ്കാന രാഷ്ട്രസമിതി ബി.ആർ.എസ് ആയ ശേഷം നടന്ന ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ വട്ടപ്പൂജ്യമായി. കഴിഞ്ഞ തവണ മൂന്ന് സീറ്റുണ്ടായിരുന്ന കോൺഗ്രസും നാല് സീറ്റുണ്ടായിരുന്ന ബി.ജെ.പിയും എട്ടുവീതം സീറ്റുമായി ആ കെ.സി.ആറിനെ തെലങ്കാന രാഷ്ട്രീയത്തിൽ അപ്രസക്തനാക്കിക്കളയുകയായിരുന്നു. ബി.ആർ.എസിനൊപ്പം തെരഞ്ഞെടുപ്പിനെ നേരിട്ട എ.ഐ.എം.ഐ.എമ്മിന്റെ അസദുദ്ദീൻ ഉവൈസി ഹൈദരാബാദ് സീറ്റ് നിലനിർത്തിയതു മാത്രമായിരുന്നു മുന്നണിയുടെ ആശ്വാസം.
ലോക്‌സഭാ തിരിച്ചടി കൂടി ആയതോടെ ബി.ആർ.എസിൽനിന്ന് നേതാക്കളുടെ വൻ കൊഴിഞ്ഞുപോക്കാണു നടക്കുന്നത്. പ്രധാനമായും കോൺഗ്രസിലേക്കാണു മിക്ക നേതാക്കളും ചേക്കേറുന്നത്. പത്ത് എം.എൽ.എമാരും ആറ് എം.എൽ.സിമാരും ഏതാനും മാസങ്ങൾക്കിടെ കോൺഗ്രസിൽ ചേർന്നുകഴിഞ്ഞു. ഇനിയും കൂടുതൽ പ്രമുഖർ പാർട്ടിയിലെത്തുമെന്നാണ് കോൺഗ്രസ് ക്യാംപ് നൽകുന്ന സൂചന.
തുടർച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങൾക്കു പിന്നാലെ ബി.ആർ.എസ് നേതാക്കൾ ബി.ജെ.പിയുമായി നീക്കുപോക്കു നടത്തുന്നതായി കോൺഗ്രസ് നേതാക്കൾ ആരോപണമുയർത്തിയിരുന്നു. ഒരുപടി കൂടി കടന്ന് ബി.ജെ.പിയുമായി ലയനചർച്ച നടക്കുന്നുവരെ പ്രചാരണമുണ്ടായി. ഇത് ഏറ്റുപിടിച്ചാണിപ്പോൾ തെലങ്കാന മുഖ്യമന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവുമായ രേവന്ത് റെഡ്ഡി തന്നെ രംഗത്തെത്തിയിരിക്കുന്നത്.
എന്നാൽ, കോൺഗ്രസ് ആരോപണങ്ങൾ ബി.ആർ.എസ് വർക്കിങ് പ്രസിഡന്റ് കെ.ടി.ആർ തള്ളിക്കളഞ്ഞു. നടക്കുന്നത് അസംബന്ധ പ്രചാരണമാണെന്ന് അദ്ദേഹം വിമർശിച്ചു. അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തണം. ബി.ജെ.പിയുമായി ഇത്തരത്തിലൊരു ചർച്ച നടക്കുന്നുണ്ടെങ്കിൽ തന്റെ സഹോദരിക്ക്(കവിത) 150 ദിവസമായി ജാമ്യമില്ലാതെ ജയിലിൽ കഴിയേണ്ടിവരുമായിരുന്നില്ലെന്നും കെ.ടി രാമറാവു ചൂണ്ടിക്കാട്ടി.
രണ്ടു ദശകത്തോളമായി തെലങ്കാന ജനതയ്ക്കു വേണ്ടി നടത്തുന്ന സേവന പ്രവർത്തനങ്ങൾ ബി.ആർ.എസ് ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ഇപ്പോൾ തിരിച്ചടി നേരിട്ടെങ്കിലും ഞങ്ങൾ ഉയിർത്തെഴുന്നേൽക്കും. തെലങ്കാനയ്ക്കു വേണ്ടി ഒറ്റയ്ക്കുനിന്നു പോരാടും. ഇന്നല്ല, ഒരിക്കലും ആർക്കു മുന്നിലും കീഴടങ്ങില്ലെന്നും കെ.ടി.ആർ കൂട്ടിച്ചേർത്തു.
അതിനിടെ, ബി.ജെ.പി ലയന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രാദേശിക മാധ്യമം 'ആര്‍.ടി.വി'ക്കെതിരെ ബി.ആര്‍.എസ് നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. സ്ഥാപനത്തിന്‍റെ യൂട്യൂബ് ചാനലില്‍ വന്ന വാര്‍ത്ത നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മേധാവി രവി പ്രകാശിന് കത്തയച്ചിരിക്കുകയാണ്. ഇല്ലെങ്കില്‍ കൂടുതല്‍ നടപടിയിലേക്കു പോകുമെന്നാണ് മുന്നറിയിപ്പ്.
Summary: Telangana CM Revanth Reddy claims BRS will merge with BJP, K Chandrasekha Rao may be governor, KT Rama Rao union minister