'ശരീരത്തിൽ 12 ഇടങ്ങളിൽ ചതവ്'; തിരുവല്ലം കസ്റ്റഡി മരണത്തില്‍ പൊലീസ് വാദം പൊളിയുന്നു
നിലവില്‍ എസ് ഐമാരായ ബിപിന്‍ പ്രകാശ്, വൈശാഖ്, ഗ്രേഡ് എസ്.ഐ സജീവ് എന്നിവരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്
തിരുവല്ലത്ത് കസ്റ്റഡിയില്‍ മരിച്ച സുരേഷിനെ മർദിച്ചിട്ടില്ലെന്ന പൊലീസ് വാദം പൊളിയുന്നു. സുരേഷിന്‍റെ ശരീരത്തിൽ 12 ഇടങ്ങളിൽ ചതവുള്ളതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
ദമ്പതികളെ ആക്രമിച്ചതിന് അറസ്റ്റു ചെയ്ത സുരേഷിനെ മര്‍ദ്ദിച്ചിട്ടേയില്ലെന്നാണ് പൊലീസിന്‍റെ വാദം. എന്നാല്‍ ഈ വാദത്തെ പൂര്‍ണമായി തള്ളുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തിലെ 12 ഇടങ്ങളില്‍ മര്‍ദനമേറ്റതിന്‍റെ ചതവുകളുണ്ട്. കഴുത്ത്, തുട, തോള്‍, മുതുക് എന്നിവിടങ്ങളിലാണ് ചതവുകള്‍. ഇത് ഹൃദ്രോഗ ബാധയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ടാകാം. ഇത് പരിശോധിക്കണം. എന്നാല്‍ മരണകാരണം ഹൃദയാഘാതം തന്നെയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.അതേസമയം സുരേഷിനെ പൊലീസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് സഹോദരന്‍ സുഭാഷ് ആവര്‍ത്തിച്ചു. പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം
നിലവില്‍ എസ് ഐമാരായ ബിപിന്‍ പ്രകാശ്, വൈശാഖ്, ഗ്രേഡ് എസ്.ഐ സജീവ് എന്നിവരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. എസ്.എച്ച്.ഒ സുരേഷ് നായരിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടി ക്രമങ്ങളില്‍ വീഴ്ച വരുത്തിയതിനാണ് നടപടി.