ബജറ്റ് വിഹിതം ലഭിച്ചില്ല; തദ്ദേശ സ്ഥാപനങ്ങളിലെ പദ്ധതി പ്രവർത്തനങ്ങൾ പാതിവഴിയിൽ

ഡിസംബറിൽ ലഭിക്കേണ്ട വിഹിതമാണ് മാർച്ച് മാസമായിട്ടും നൽകാത്തത്

Update: 2023-03-14 02:20 GMT
Editor : abs | By : Web Desk
Advertising

കോഴിക്കോട്: സാമ്പത്തിക വർഷം അവസാനിക്കാറായിട്ടും തദ്ദേശ സ്ഥാപനങ്ങൾക്കുള്ള മൂന്നാം ഘട്ട ബജറ്റ് വിഹിതം ലഭിച്ചില്ല . പണം ലഭിക്കാതായതോടെ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും വിവിധ പദ്ധതി പ്രവർത്തനങ്ങൾ പാതിവഴിയിലായി. ഡിസംബറിൽ ലഭിക്കേണ്ട വിഹിതമാണ് മാർച്ച് മാസമായിട്ടും നൽകാത്തത്. 53 ശതമാനം മാത്രമാണ് തദ്ദേശ സ്ഥാപനങ്ങളിലെ പദ്ധതി ചെലവ്.

തദ്ദേശസ്ഥാപനങ്ങൾക്കുളള ബജറ്റ് വിഹിതം മൂന്ന് തുല്യഗഡുക്കളായാണ് നൽകാറുള്ളത്. ഒന്നാം ഗഡു ഏപ്രിലിൽ ലഭിച്ചു. രണ്ടാം ഗഡു മൂന്ന് മാസം വൈകി ഒക്ടോബറിലും. ഡിസംബറിൽ ലഭിക്കേണ്ട അവസാന ഗഡു മാർച്ച് പകുതിയായിട്ടും അനുവദിച്ചിട്ടില്ല. 16 ദിവസം മാത്രമാണ് സാമ്പത്തിക വർഷം അവസാനിക്കാൻ അവശേഷിക്കുന്നത്.

തദ്ദേശസ്ഥാപനങ്ങളുടെ ഇതുവരെയുള്ള പദ്ധതി ചെലവ് 53.11 ശതമാനം മാത്രമാണ്. പകുതിയിൽ നിൽക്കുന്നു. മൂന്നാം ഗഡു മുടങ്ങിയത് വിവിധ പദ്ധതികളെയും താളം തെറ്റിക്കുകയാണ്. ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി ചെലവ് 58.1.3 ശതമാനവും ബ്ലോക്ക് പഞ്ചായത്തിന്റേത് 57.41%, ജില്ലാ പഞ്ചായത്ത്- 46.79%, മുൻസിപ്പാലിറ്റി- 50.07%, കോർപ്പറേഷൻ- 39.23% എന്നിങ്ങനെയാണ്.

ബജറ്റ് വിഹിതം വൈകുന്നതോടെ പദ്ധതികളുടെ ബില്ല് സമർപ്പിക്കാൻ കഴിയാതാകും. സമർപ്പിച്ച ബില്ലുകൾ ക്യൂ ലിസ്റ്റിലേക്ക് മാറ്റി ചെലവിനത്തിൽ ഉൾപ്പെടുത്തും. ഈ തുകയാകട്ടെ അടുത്ത വർഷത്തെ ബജറ്റിലാണ് അനുവദിക്കുക അത് വരും വർഷത്തെ പദ്ധതികളെയും താളം തെറ്റിക്കും. 2023-24 വർഷത്തെക്കുള്ള പദ്ധതി തദ്ദേശസ്ഥാപനങ്ങൾ ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. ഈ വർഷത്തെ പദ്ധതികൾക്ക് അടുത്ത വർഷത്തെ ബജറ്റ് വിഹിതത്തിൽ നിന്നും തുക കണ്ടെത്തുമ്പോൾ നിലവിൽ തയ്യാറാക്കപ്പെട്ട പദ്ധതിയിലേറെയും വെട്ടിക്കുറക്കേണ്ടി വരും.

മരാമത്ത് പണികൾ, ഭിന്നശേഷി സ്‌കോളർഷിപ്പ്, അതിദരിദ്രർക്കുള്ള വിവിധ പദ്ധതികൾ ,ഡയാലിസിസ് രോഗികൾക്കുള്ള ധനസഹായം, പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് തുടങ്ങി നിരവധി കാര്യങ്ങൾക്ക് തുക കണ്ടെത്താനാകാതെ വിഷമിക്കുകയാണ് തദ്ദേശസ്ഥാപനങ്ങൾ.

Full View


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News