ബുൾഡോസർ മോദി ഭരണത്തിന്റെ അടയാളം, രാജ്യതലസ്ഥാനത്ത് ബുൾഡോസർ രാജ്- ബൃന്ദാ കാരാട്ട്

മതപരമായ ചടങ്ങുകളെ ജനങ്ങളുടെ വിഭജനത്തിനായാണ് കേന്ദ്രസർക്കാർ ഉപയോഗിക്കുന്നതെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.

Update: 2022-04-30 14:56 GMT
Advertising

പത്തനംതിട്ട: ഇന്ത്യയുടെ തലസ്ഥാനത്ത് ബുൾഡോസർ രാജാണ് നടക്കുന്നതെന്ന് സി.പി.എം പി.ബി അംഗം ബൃന്ദാ കാരാട്ട്. മോദി ഭരണത്തിന്റെ അടയാളമായി ബുൾഡോസർ മാറുകയാണ്. മതപരമായ ചടങ്ങുകളെ ജനങ്ങളുടെ വിഭജനത്തിനായാണ് കേന്ദ്രസർക്കാർ ഉപയോഗിക്കുന്നതെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു. ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബൃന്ദാകാരാട്ട്. 

"സ്വാതന്ത്ര്യ പോരാട്ടത്തിൽ പങ്കില്ലാത്തവരാണ് നമ്മളെ ദേശീയത പഠിപ്പിക്കുന്നത്. ജനങ്ങൾ നേരിടുന്ന ചൂഷണത്തെ പ്രതിരോധിക്കുമ്പോഴാണ് യഥാർത്ഥ രാജ്യസ്നേഹം പ്രകടമാവുക. മോദി സർക്കാർ നടപ്പാക്കുന്നത് രാജ്യവിരുദ്ധ നയമാണ്. മെയ്ക്ക് ഇൻ ഇന്ത്യയല്ല, സെയിൽ ഇന്ത്യയാണ് രാജ്യത്ത് നടക്കുന്നത്" ബൃന്ദാ കാരാട്ട് പറഞ്ഞു. ന്യൂനപക്ഷത്തോടുള്ള ആര്‍.എസ്.എസ് നയത്തിന്റെ പ്രതീകമാണ് ബുൾഡോസറെന്നും പാവപ്പെട്ടവരുടെ വീടുകൾ ഏത് നിമിഷവും തകർത്തേക്കാമെന്നതാണ് രാജ്യത്തെ അവസ്ഥയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

വി. വസീഫാണ് ഡി.വൈ.എഫ്‌.ഐയുടെ പുതിയ സംസ്ഥാന പ്രസിഡന്‍റ്. സംസ്ഥാന സെക്രട്ടറിയായി വി.കെ സനോജ് തുടരും. ജെ.എസ് അരുണ്‍ ബാബുവാണ് പുതിയ ട്രഷറര്‍. സംസ്ഥാന കമ്മിറ്റിയിൽ ആദ്യമായി ഒരു ട്രാൻസ് ജെൻഡര്‍ ഉണ്ടെന്നതും പ്രത്യേകതയാണ്. ചങ്ങനാശേരി സ്വദേശി ലയ മരിയാ ജെയ്സണെയാണ് ഉൾപ്പെടുത്തിയത്. പുതിയ കമ്മറ്റിയിൽ 25 സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും 90 സംസ്ഥാന കമ്മറ്റി അംഗങ്ങളുമാണുള്ളത്. ആർ. രാഹുൽ, അർ ശ്യാമ, ഡോ. ഷിജുഖാൻ, രമേശ് കൃഷ്ണൻ, എം. ഷാജർ, എം വിജിൻ എം.എൽ.എ, ഗ്രീഷ്മ അജയഘോഷ് തുടങ്ങിയവർ ഉപഭാരവാഹികളാകും. എസ് സതീഷ്, ചിന്താ ജെറോം, കെ.യു ജെനീഷ് കുമാർ, എസ്.കെ സജീഷ് തുടങ്ങിയവർ സംസ്ഥാന കമ്മറ്റിയിൽ നിന്ന് ഒഴിവായി.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News