തമിഴ്‌നാട്ടിലെ ബസ്സപകടം: കെഎസ്ആർടിസി ഡ്രൈവർ മരിച്ചു
ടോറസ് ലോറിയെ മറികടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് തമിഴ്‌നാട് ബസിൽ ഇടിക്കുകയായിരുന്നു
Update: 2024-02-03 12:50 GMT


തമിഴ്‌നാട്ടിൽ കെഎസ്ആർടിസി ബസും തമിഴ്‌നാട് ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കെഎസ്ആർടിസി ഡ്രൈവർ അനീഷ് കൃഷ്ണയാണ് മരിച്ചത്. പാപ്പനംകോട് ഡിപ്പോയിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. അപകടത്തിൽ 34 പേർക്ക് പരിക്കേറ്റിരിക്കുകയാണ്. തമിഴ്‌നാട് ബസിന്റെ ഡ്രൈവർക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്.
നാഗർകോവിലിനടുത്തുള്ള മാർത്താണ്ഡം പാലത്തിനുമുകളിലാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. മുമ്പിലുള്ള ടോറസ് ലോറിയെ മറികടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് തമിഴ്‌നാട് ബസിൽ ഇടിക്കുകയായിരുന്നു.
തമിഴ്നാട്ടിൽനിന്ന് തിരുവനന്തപുരത്തേക്ക് വന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. തമിഴ്നാട് ബസ്സിന്റെ മുൻവശം തകർന്നിട്ടുണ്ട്. കെഎസ്ആർടിസിയുടെ മുൻവശവും ചെറുതായി തകർന്നിട്ടുണ്ട്.