പുതുക്കിയ യാത്രാനിരക്ക് പോര; ചാര്‍ജ് കൂട്ടിയില്ലെങ്കിൽ സമരം പുനരാരംഭിക്കാൻ ബസുടമകൾ
ഓട്ടോ നിരക്കുവർധന പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി സി.ഐ.ടി.യുവും രംഗത്തെത്തിയിട്ടുണ്ട്
പുതുക്കിയ യാത്രാനിരക്ക് അപര്യാപ്തമാണെന്ന് ബസുടമകൾ. നിരക്ക് ഇനിയും വർധിപ്പിച്ചില്ലെങ്കിൽ സമരം പുനരാരംഭിക്കാനാണ് ബസുടമകൾ ആലോചിക്കുന്നത്. നിലവിൽ പ്രഖ്യാപിച്ച ഓട്ടോ നിരക്കുവർധന തൊഴിലാളികൾക്ക് ഗുണം ചെയ്യില്ലെന്ന് സി.ഐ.ടി.യു നേതാക്കളും പ്രതികരിച്ചു.
ബസുടമകളുടെ ഏറെക്കാലത്തെ ആവശ്യങ്ങൾക്കും സമരങ്ങൾക്കും ഒടുവിലാണ് ഇന്നലെ ചാർജ് വർധിപ്പിച്ചത്. മിനിമം ചാർജ് 12 രൂപയാക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ പത്തു രൂപയായാണ് നിരക്ക് വർധിപ്പിച്ചത്. ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ മിനിമം ചാർജ് 10 രൂപയാക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് ബസുടമകൾ പറയുന്നത്.
വിദ്യാത്ഥികളുടെ കൺസെഷൻ നിരക്ക് ആറ് രൂപയാക്കണമെന്ന ആവശ്യവും സർക്കാർ അംഗീകരിച്ചിട്ടില്ല. വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കാതെ സർവീസ് നടത്താൻ കഴിയില്ലെന്നും ബസ് ഉടമകൾ വ്യക്തമാക്കിയിട്ടുണ്ട്.
ഓട്ടോ നിരക്കുവർധന പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി സി.ഐ.ടി.യുവും രംഗത്തെത്തിയിട്ടുണ്ട്. ഇനിയും നിരക്ക് കൂട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. സർവീസുകൾ പൂർണമായി നിർത്തിവച്ചുള്ള സമരം സംഘടനകൾ ഉടൻ പ്രഖ്യാപിക്കാനുള്ള സാധ്യത കുറവാണ്. നികുതിയിളവ് പോലുള്ള ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചാൽ സമരം ഒഴിവാക്കിയേക്കും.
മിനിമം ബസ് ചാർജ് 10 രൂപയാക്കാനുള്ള തീരുമാനത്തിന് ഇന്നലെയാണ് എൽ.ഡി.എഫ് അംഗീകാരം നൽകിയത്. മിനിമം ചാർജിന്റെ പരിധി കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും ഒരുരൂപ വർധിപ്പിക്കാനും അനുമതി നൽകി. എന്നാൽ, വിദ്യാർഥി കൺസെഷൻ വർധിപ്പിക്കേണ്ടെന്നും യോഗം തീരുമാനിക്കുകയായിരുന്നു. ഇതോടൊപ്പം കൺസെഷൻ മാറ്റത്തെ കുറിച്ച് ശാസ്ത്രീയായി പഠിക്കാൻ കമ്മീഷനെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ബസ് ചാർജ് വർധനയ്‌ക്കൊപ്പം ഓട്ടോ, ടാക്‌സി നിരക്കും കൂട്ടി. ഓട്ടോ മിനിമം ചാർജ് 30 രൂപയാക്കി. രണ്ടുകിലോമീറ്ററിനാണ് 30 രൂപ. പിന്നീടുള്ള നിരക്ക് 15 രൂപയാണ്. ടാക്‌സി മിനിമം ചാർജ് 200 രൂപയാക്കി. അഞ്ചു കിലോമീറ്ററിനാണ് ഈ നിരക്ക്. നേരത്തെ 175 രൂപയായിരുന്നു. കിലോമീറ്റർ നിരക്ക് 17 രൂപയിൽനിന്ന് 20 രൂപയാക്കും. 1,500 സി.സിക്ക് മുകളിൽ 200ൽനിന്ന് 225 രൂപയാക്കി. രാത്രികാല യാത്രയ്ക്ക് നിലവിലുള്ള ചാർജ് തുടരും.
മിനിമം ചാർജ് എട്ടിൽനിന്ന് 12 രൂപയാക്കി കൂട്ടണമെന്ന് ആവശ്യപ്പെട്ട് ബസുടമകൾ സംസ്ഥാനത്ത് നാലുദിവസം സമരം നടത്തിയിരുന്നു. കിലോമീറ്റർ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയർത്തണം, വിദ്യാർഥികളുടെ നിരക്ക് ആറുരൂപയാക്കണം തുടങ്ങിയ ആവശ്യങ്ങൾ ബസുടമകൾ മുന്നോട്ടുവച്ചിരുന്നു.
രാമചന്ദ്രൻ കമ്മിറ്റി ശിപാർശയുടെ അടിസ്ഥാനത്തിൽ ഗതാഗത വകുപ്പ് തയാറാക്കിയ റിപ്പോർട്ട് നേരത്തെ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. മിനിമം ചാർജ് പത്ത് രൂപയാക്കാമെന്നാണ് രാമചന്ദ്രൻ കമ്മിറ്റിയുടെ ശിപാർശ.
Summary: Bus owners say revised fares are inadequate, thinks to resume strike if charges are not increased