ഉപതെരഞ്ഞെടുപ്പ്: പത്രികാ സമർപ്പണം അവസാനിച്ചു, പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിലിന് രണ്ട് അപരൻമാർ

വയനാട്ടിൽ നാമനിർദേശ പത്രിക നൽകിയ 21 പേരിൽ നാല് പേർ സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവർ

Update: 2024-10-25 16:11 GMT
Advertising

 തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ നാമനിർദേശ പത്രികാ സമർപ്പണം അവസാനിച്ചു. പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഇതു വരെ 16 പേർ പത്രിക സമർപ്പിച്ചു. കോൺ​ഗ്രസ് സ്ഥാനാർഥിയായ രാഹുൽ മാങ്കൂട്ടത്തിലിന് രണ്ട് അപരന്മാരുണ്ട്. എൽഡിഎഫിന്റെ പി.സരിൻ ബിജെപിയുടെ സി.കൃഷ്ണകുമാർ എന്നിവരാണ് മത്സര രം​ഗത്തുള്ള മറ്റു പ്രധാന സ്ഥാനാർഥികൾ.

ഡമ്മി സ്ഥാനാർഥികളായി കെ. ബിനു മോൾ (സിപിഐഎം) കെ. പ്രമീള കുമാരി (ബിജെപി) സ്വതന്ത്ര സ്ഥാനാർത്ഥികളായി എസ് സെൽവൻ, ആർ. രാഹുൽ , സിദ്ദീഖ്, രമേഷ് കുമാർ, എസ് സതീഷ്, ബി ഷമീർ, രാഹുൽ ആർ. മണലടി എന്നിവരാണ് വരണാധികാരിയായ പാലക്കാട് ആർഡിഒ എസ്. ശ്രീജിത്ത് മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിച്ചത്. 16സ്ഥാനാർത്ഥികൾക്കായി ആകെ 27 സെറ്റ് പത്രികകളാണ് സമർപ്പിക്കപ്പെട്ടത്.

ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ ഇതു വരെ 9 പേര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ആർക്കും അപരന്മാരില്ല. യു.ആര്‍ പ്രദീപ് (സി.പി.ഐ.എം), സുനിത (സി.പി.ഐ.എം ഡമ്മി ), രമ്യ ​​ഹരിദാസ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), കെ. ബാലകൃഷ്ണന്‍ (ബി.ജെ.പി), എം.എ രാജു (ബി.ജെ.പി ഡമ്മി), സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി ഹരിദാസന്‍, പന്തളം രാജേന്ദ്രന്‍, എന്‍.കെ സുധീര്‍ എന്നിവര്‍ ഉപ വരണാധികാരിയായ തലപ്പിള്ളി തഹസില്‍ദാര്‍ (ലാന്റ് റെക്കോര്‍ഡ്‌സ്) ടി.പി കിഷോര്‍ മുമ്പാകെയും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ കെ.ബി ലിന്റേഷ് വരണാധികാരിയായ എം.എ ആശയ്ക്ക് മുമ്പാകെയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. 9 സ്ഥാനാര്‍ത്ഥികള്‍ക്കായി ആകെ 16 സെറ്റ് പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്.

വയനാട്ടിൽ 21 പേരാണ് ഇതുവരെ നാമനിർദേശ പത്രിക നൽകിയത്. ആർക്കും അപരൻമാരില്ല. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള നാല് പേരും നാമനിർദേശ പത്രിക നൽകിയിട്ടുണ്ട്. 

എ.സീത (ബഹുജൻ ദ്രാവിഡ പാർട്ടി) , ഗോപാൽ സ്വരൂപ് ഗാന്ധി (കിസാൻ മജ്ദൂർ ബറോജ്ഗർ സംഘ് പാർട്ടി) , ബാബു (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ), എ.സി. സിനോജ് (കൺട്രി സിറ്റിസൺ പാർട്ടി) , കെ.സദാനന്ദൻ (ബി.ജെ.പി), സ്വതന്ത്ര സ്ഥാനാർത്ഥികളായ ഇസ്മയിൽ സബിഉള്ള, സന്തോഷ് ജോസഫ്, ആർ. രാജൻ, അജിത്ത് കുമാർ.സി, ബുക്കരാജു ശ്രീനിവാസ രാജു, എ.നൂർമുഹമ്മദ് എന്നിവരാണ് വെളളിയാഴ്ച പത്രിക സമർപ്പിച്ചത്.

പ്രിയങ്ക ഗാന്ധി(ഇന്ത്യൻ നാഷണൽ കോൺഗ്രസ്), സത്യൻ മൊകേരി (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ), നവ്യാ ഹരിദാസ് (ഭാരതീയ ജനതാ പാർട്ടി), ജയേന്ദ്ര കർഷൻഭായി റാത്തോഡ്(റൈറ്റ് ടു റീകാൾ പാർട്ടി), ദുഗ്ഗിറാല നാഗേശ്വര റാവൂ (ജാതിയ ജനസേവ പാർട്ടി), സ്വതന്ത്ര സ്ഥാനാർഥികളായ രുഗ്മിണി , സോനു സിങ് യാദവ് ,ഡോ. കെ പത്മരാജൻ, ഷെയ്ക്ക് ജലീൽ, ജോമോൻ ജോസഫ് സാമ്പ്രിക്കൽ എപിജെ ജുമാൻ വി.എസ് എന്നിവരാണ് മുൻ ദിവസങ്ങളിൽ ജില്ലാ കലക്ടറും ജില്ലാ വരണാധികാരിയുമായ ഡി.ആർ.മേഘശ്രീക്ക് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.

നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഒക്ടോബർ 28 ന് നടക്കും. ഒക്ടോബർ 30 ന് വൈകിട്ട് മൂന്നിനകം സ്ഥാനാർഥികൾക്ക് നാമനിർദേശ പത്രിക പിൻവലിക്കാം. 

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News