അബദ്ധങ്ങളുടെ പെരുമഴ; സമൂഹമാധ്യമങ്ങളിൽ വൈറലായി സി. രവിചന്ദ്രന്റെ അജിനോമോട്ടോ പ്രസംഗം
രവിചന്ദ്രന് ശാസ്ത്രത്തിന്റെ പ്രാഥമിക പാഠങ്ങൾ പോലും അറിയില്ലെന്ന് തെളിയിക്കുന്നതാണ് പുതിയ പ്രസംഗമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം.
ഭക്ഷണത്തിന് രുചികൂട്ടാനായി ഉപയോഗിക്കുന്ന അജിനോമോട്ടെയെക്കുറിച്ച് യുക്തിവാദി നേതാവ് സി. രവിചന്ദ്രൻ നടത്തിയ പ്രസംഗത്തിലെ വൻ അബദ്ധങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. അജിനോമോട്ടോ കണ്ടുപിടിച്ചത് ആരാണെന്ന് പോലും രവിചന്ദ്രന് അറിയില്ലെന്ന് വ്യക്തമാക്കുന്ന പ്രസംഗത്തിലെ അബദ്ധങ്ങൾ തുറന്നുകാട്ടി നിരവധിപേർ രംഗത്തെത്തി. പ്രാഥമിക വിവരങ്ങൾ പോലും ശേഖരിക്കാതെയാണ് രവിചന്ദ്രൻ ശാസ്ത്ര വിഷയങ്ങളിൽ പ്രഭാഷണം നടത്തുന്നത് എന്നുകൂടി തെളിയിക്കുന്നതാണ് ഈ പ്രഭാഷണം. ഹാഫിസ് അമീർ ജൗഹരിയാണ് രവിചന്ദ്രന്റെ അബദ്ധങ്ങൾ തുറന്നുകാട്ടുന്ന ഫാക്ട് ചെക്കിങ് വീഡിയോയുമായി ആദ്യം രംഗത്തെത്തിയത്.
ജർമൻ കെമിസ്റ്റാണ് അജിനോമോട്ടോ കണ്ടുപിടിച്ചത് എന്നാണ് രവിചന്ദ്രൻ പറയുന്നത്. ജാപ്പനീസ് കെമിസ്റ്റായ കിനോയി ഇകേഡയാണ് അജിനോമോട്ടോ കണ്ടുപിടിച്ചത് എന്നതാണ് വസ്തുത. ഭാര്യ പാകം ചെയ്യുന്ന ഭക്ഷണത്തിന് വലിയ രുചി അനുഭവപ്പെട്ടപ്പോൾ അതിനെക്കുറിച്ച് അദ്ദേഹം അന്വേഷിച്ചു. സീവീഡ് എന്ന സമുദ്രജീവിയുടെ കൊമ്പ് മുറിച്ച് ഭക്ഷണത്തിലിടുന്ന രീതി ജപ്പാനിലുണ്ടായിരുന്നു. അതാണ് ഇത്രമേൽ രുചിയുണ്ടാവാൻ കാരണമെന്ന് മനസ്സിലാക്കിയ കെമിസ്റ്റ് ആ കൊമ്പിൽ രുചിക്ക് കാരണമാകുന്ന വസ്തു മാറ്റിയെടുത്തെന്നാണ് അദ്ദേഹം പറയുന്നത്.
ഭീമാബദ്ധമാണ് രവിചന്ദ്രൻ ഇവിടെ എഴുന്നള്ളിച്ചിരിക്കുന്നത്. സീവീഡ് എന്നാൽ കടൽപായലാണ്. കൊമ്പു എന്നാൽ മലയാളത്തിലെ കൊമ്പല്ല, ഒരിനം കടൽ പായലാണ്. അതിന്റെ ജാപ്പനീസ് പേരാണ് കൊമ്പു. ഈ കൊമ്പുവും കിനോയി എന്നൊരു പദാർഥവും ചേർത്ത് സൂപ്പ് പോലെയൊരു മിശ്രിതം തയ്യാറാക്കിയതിനെ കുറിച്ചാണ് അദ്ദേഹം തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പറയുന്നത്.
മോണോ സോഡിയം ഗ്ലുക്കാമേറ്റ് ആണ് അജിനോമോട്ടോ എന്നാണ് രവിചന്ദ്രൻ പറയുന്നത്. കോസ്‌മെറ്റിക്കുമായി ബന്ധപ്പെട്ട വസ്തുവാണ് ഗ്ലുക്കാമേറ്റ്. അജിനോമോട്ടോ യഥാർഥത്തിൽ മോണോ സോഡിയം ഗ്ലൂട്ടമേറ്റ് ആണ്. ഗ്ലൂട്ടമേറ്റിനെയാണ് രവിചന്ദ്രൻ ഗ്ലുക്കാമേറ്റ് എന്ന് പറയുന്നത്.
പഞ്ചസാരയുടെ രാസനാമത്തെക്കുറിച്ച് രവിചന്ദ്രൻ പറയുന്നതും തെറ്റാണ്. പഞ്ചാസരയെന്നാൽ എന്താണെന്ന് സദസ്സിനോട് ചോദിച്ച ശേഷമാണ് രവിചന്ദ്രൻ അബദ്ധം പറയുന്നത്. C6H12O6 ആണ് പഞ്ചസാരയുടെ രാസനാമം എന്നാണ് അദ്ദേഹം പറയുന്നത്. 12 എച്ച്, ആറ് കാർബൺ, ആറ് ഓക്‌സിജൻ എന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. സദസിലുള്ള ഒരാൾപോലും അദ്ദേത്തെ തിരുത്തുന്നില്ല. C12H22O11 ആണ് യഥാർഥത്തിൽ പഞ്ചസാരയുടെ രാസനാമം. രവിചന്ദ്രന് ശാസ്ത്രത്തിന്റെ പ്രാഥമിക പാഠങ്ങൾ പോലും അറിയില്ലെന്ന് തെളിയിക്കുന്നതാണ് ഈ പ്രസംഗമെന്നും വിമർശകർ പറയുന്നു.
മംഗോൾ സാമ്രാജ്യ സ്ഥാപകനായ ചെങ്കിസ്ഖാനെ മുസ്‌ലിമാക്കിക്കൊണ്ട് രവിചന്ദ്രൻ നടത്തിയ പ്രഭാഷണം മുമ്പ് വലിയ ചർച്ചയായിരുന്നു. ഇസ്‌ലാമിലേക്ക് മതപരിവർത്തനം നടത്താൻ പല ക്രൂരതകളും ചെയ്ത ആളായിരുന്നു ചെങ്കിസ്ഖാൻ എന്നാണ് രവിചന്ദ്രൻ ആരോപിച്ചത്. എന്നാൽ ഇസ്‌ലാമിക സംസ്‌കൃതിയെ തകർക്കാൻ ശ്രമിച്ച ലോകം കണ്ട ഏറ്റവും ക്രൂരനായ ഭരണാധികാരിയായിരുന്ന ചെങ്കിസ്ഖാൻ എന്നതാണ് ചരിത്ര വസ്തുത.