77 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിലെന്ന് സിഎജി; കെഎസ്ആർടിസി കണക്കുകൾ സമർപ്പിക്കുന്നില്ല
2016ന് ശേഷം കെഎസ്ആർടിസി ഓഡിറ്റിന് രേഖകൾ നൽകിയിട്ടില്ലെന്ന് സിഎജി റിപ്പോർട്ടിൽ പറയുന്നു.


തിരുവനന്തപുരം: സംസ്ഥാനത്തെ 77 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിലെന്ന് സിഎജി. 18,026.49 കോടി രൂപയാണ് ഇവയുടെ നഷ്ടം. ലാഭകരമല്ലാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ. പൊതുമേഖലാ സ്ഥാപനങ്ങളിൽ 58 എണ്ണം മാത്രമാണ് ലാഭത്തിൽ പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
18 പൊതുമേഖലാ സ്ഥാപനങ്ങൾ 1986 മുതൽ അടച്ചുപൂട്ടൽ ഭീഷണിയിലാണെന്നും ഇവ അടച്ചുപൂട്ടാനുള്ള നടപടി ഊർജിതമാക്കണമെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു. 2020 മുതൽ 2023 മാർച്ച് വരെയുള്ള സിഎജി റിപ്പോർട്ടാണ് ഇന്ന് സഭയിൽ വച്ചത്.
കെഎസ്ആർടിസി കണക്കുകൾ സമർപ്പിക്കുന്നില്ലെന്നും സിഎജി കുറ്റപ്പെടുത്തി. 2016ന് ശേഷം കെഎസ്ആർടിസി ഓഡിറ്റിന് രേഖകൾ നൽകിയിട്ടില്ലെന്ന് സിഎജി റിപ്പോർട്ടിൽ പറയുന്നു. കെഎംഎംഎല്ലിൽ ക്രമക്കേട് നടന്നതായും സിഎജി കണ്ടെത്തി.
അസംസ്കൃത വസ്തുക്കൾ വാങ്ങുന്നതിൽ മാനദണ്ഡങ്ങൾ പാലിച്ചില്ല. ടെൻഡർ വിളിക്കാതെ വാങ്ങിയതിൽ നഷ്ടമുണ്ടായി. 23.17 കോടിയാണ് നഷ്ടമുണ്ടായത്. യോഗ്യതയില്ലാത്തവർക്ക് കരാർ നൽകുന്നു. പൊതു ടെൻഡർ വിളിക്കണമെന്നും സിഎജി ശിപാർശ ചെയ്യുന്നു.