ലഹരി,നിരന്തര സംഘര്‍ഷം; കോവൂർ-ഇരിങ്ങാടൻ പള്ളി മിനി ബൈപാസിലെ രാത്രികാല കടകള്‍ രണ്ടാം ദിവസവും നാട്ടുകാര്‍ അടപ്പിച്ചു
നിയന്ത്രണങ്ങൾ എല്ലാം പാലിച്ചുകൊണ്ട് കൃത്യമായ മുൻകരുതലോടെ കച്ചവടം നടത്താൻ തയ്യാറാണെന്ന് കടയുടമകൾ


കോഴിക്കോട്: കോവൂർ-ഇരിങ്ങാടൻ പള്ളി, വെള്ളിമാട് കുന്ന് മിനി ബൈപാസിലെ രാത്രികാല കടകൾ ഇന്നലെയും നാട്ടുകാർ അടപ്പിച്ചു. പ്രദേശത്ത് നിരന്തരം ഉണ്ടാക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.നിയന്ത്രണങ്ങൾക്കു വിധേയമായി കടകൾ പ്രവർത്തിക്കാൻ തയ്യാറാണെന്നാണ് കടയുടമകൾ പറയുന്നത്.
കോവൂർ-വെള്ളിമാടുകുന്ന് മിനി ബൈപ്പാസിൽ നിരന്തരം ഉണ്ടാകുന്ന പ്രശ്നത്തെ തുടർന്നാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. പ്രദേശത്തെ കച്ചവട സ്ഥാപനങ്ങളിലേക്ക് എത്തുന്ന ആളുകൾ അനിയന്ത്രിതമായി പാർക്ക് ചെയ്യുന്നതും പരസ്പരം സംഘർഷം ഉണ്ടാക്കുന്നതായും നാട്ടുകാർ പറയുന്നു. രാത്രി ഏറെ വൈകിയും ആളുകൾ തമ്പടിക്കുന്നതാണ് മിക്ക പ്രശ്നങ്ങൾക്കും കാരണം. ഈ ഭാഗത്ത് ലഹരിയുടെ ഉപയോഗം വർധിച്ചുവരികയാണെന്നും നാട്ടുകാർ ആരോപിക്കുന്നുണ്ട്.
കടകളടപ്പിക്കുന്നത് കാരണം കച്ചവടക്കാർക്കും വലിയ നഷ്ടമാണ് ഉണ്ടാകുന്നത്. നിയന്ത്രണങ്ങൾ എല്ലാം പാലിച്ചുകൊണ്ട് കൃത്യമായ മുൻകരുതലോടെ കച്ചവടം നടത്താൻ തയ്യാറാണെന്ന് കടയുടമകൾ പറയുന്നു. പാർക്കിങ്ങിനടക്കം എല്ലാ സൗകര്യങ്ങളും ഒരുക്കാനും നിയമങ്ങൾ പാലിച്ചുകൊണ്ട് മുന്നോട്ടു പോകാൻ തയ്യാറാണെനും കടയുടമകൾ പറഞ്ഞു.
പ്രശ്നത്തിന് പരിഹാരത്തിനായി അധികൃതർ കാര്യമായ ഇടപെടൽ ഇതുവരെ നടത്തിയിട്ടില്ല.. ഇതുമായി ബന്ധപ്പെട്ട് ചർച്ച നടക്കും എന്ന് പറഞ്ഞിട്ടും രണ്ടുദിവസമാകുമ്പോഴും ഒരു നടപടിയും ഇല്ല.ജനപ്രതിനിധികളും നാട്ടുകാരും കടയുടമകളും പൊലീസും സംയുക്തമായി പ്രശ്നപരിഹാരത്തിന് ഇന്ന് വീണ്ടും ചർച്ച നടക്കും.