'സല്യൂട്ട് പ്രിയപ്പെട്ട ശാരദ മുരളീധരൻ, കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു'; ചീഫ് സെക്രട്ടറിക്ക് പിന്തുണയുമായി വി.ഡി സതീശൻ
സുഹൃത്തായ ആൾ തന്റെയും മുൻഗാമിയുടെയും നിറം താരതമ്യം ചെയ്ത് സംസാരിച്ചതായി ചീഫ് സെക്രട്ടറി പറഞ്ഞിരുന്നു.


തിരുവനന്തപുരം: നിറത്തിന്റെ പേരിൽ അപമാനിക്കപ്പെട്ടെന്ന് വ്യക്തമാക്കി രംഗത്തെത്തിയ ചീഫ് സെക്രട്ടറി ശാരദ മുരളീധരന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സല്യൂട്ട് പ്രിയപ്പെട്ട ശാരദ മുരളീധരൻ. നിങ്ങൾ എഴുതിയ ഓരോ വാക്കും ഹൃദയസ്പർശിയാണെന്നും ചർച്ച ചെയ്യപ്പെടേണ്ടതാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.
കറുത്ത നിറമുള്ള ഒരമ്മ തനിക്കുമുണ്ടായിരുന്നു എന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. തന്റെയും മുൻഗാമിയുടെയും നിറം താരതമ്യം ചെയ്തെന്നും തന്റെ സുഹൃത്താണ് ഭർത്താവായ (വി.വേണു) മുൻഗാമിയുമായി തന്നെ താരതമ്യം ചെയ്തതെന്നും ശാരദ മുരളീധരൻ വെളിപ്പെടുത്തിയിരുന്നു.
ചീഫ് സെക്രട്ടറിയായി ചുമതല ഏറ്റെടുത്തതു മുതൽ ഈ താരതമ്യം നേരിടേണ്ടി വരുന്നതായും ഫേസ്ബുക്ക് പോസ്റ്റിലൂടെ ശാരദ മുരളീധരൻ വെളിപ്പെടുത്തിയിരുന്നു. കറുപ്പിനെ ഇങ്ങനെ നിന്ദിക്കുന്നത് എന്തിനാണെന്നും അവർ ചോദിച്ചു. കറുപ്പ് എന്നത് പ്രപഞ്ചത്തിലെ സർവവ്യാപിയായ സത്യമാണ്.
എന്തിനെയും ആഗിരണം ചെയ്യാൻ കഴിവുള്ള കറുപ്പ്. മനുഷ്യകുലത്തിന് അറിയാവുന്നിടത്തോളം ഏറ്റവും കരുത്തുറ്റ ഊർജത്തിന്റെ തുടിപ്പ്- അവർ കുറിച്ചു. ഒടുവിൽ, കറുപ്പ് മനോഹരമാണെന്ന് പറഞ്ഞാണ് ശാരദ മുരളീധരൻ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.