'പണം വാങ്ങി രാജീവ് ചന്ദ്രശേഖറിനെ തോൽപ്പിച്ചു';ബിജെപി നേതാവ് വി.വി രാജേഷിനെതിരെ തിരുവനന്തപുരത്ത് പോസ്റ്റർ
രാജേഷിന്റെ അനധികൃത സ്വത്ത് സമ്പാദനം ഇ.ഡി അന്വേഷിക്കണമെന്നും ആവശ്യം


തിരുവനന്തപുരം: ബിജെപി നേതാവ് വി.വി രാജേഷിനെതിരെ പോസ്റ്റർ. തെരഞ്ഞെടുപ്പിൽ പണം വാങ്ങി ബിജെപി സ്ഥാനാർഥിയും നിലവിലെ ബിജെപി അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖറിനെ തോൽപ്പിച്ചുവെന്നാണ് ആരോപണം. രാജേഷിന്റെ അനധികൃത സ്വത്ത് സമ്പാദനം ഇ.ഡി അന്വേഷിക്കണമെന്നും പോസ്റ്ററിലുണ്ട്. ബിജെപി പ്രതികരണവേദി എന്ന പേരിൽ സംസ്ഥാന കമ്മിറ്റി ഓഫീസിന് സമീപമാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.
സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റതിന് തൊട്ടു പിന്നാലെയാണ് നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ്, ജില്ലാ കമ്മിറ്റി ഓഫീസ്, വഞ്ചിയൂരിലെ വി.വി രാജേഷിന്റെ വസതി എന്നിവിടങ്ങളിലെ മതിലുകളിൽ പോസ്റ്ററുകൾ സ്ഥാനം പിടിച്ചു. തിരുവനന്തപുരം പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽനിന്ന് പണംപറ്റി ബിജെപി സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത് രാജേഷാണ് എന്ന് പോസ്റ്ററിൽ ആരോപിക്കുന്നു.
തെരഞ്ഞെടുപ്പിൽ സാമ്പത്തിക തട്ടിപ്പുനടത്തിയ വി.വി രാജേഷിനെതിരെ പാർട്ടി നടപടിയെടുക്കണം. രാജേഷ് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നും ഇഡി റബ്ബർ സ്റ്റാമ്പല്ലെങ്കിൽ ഇവ കണ്ടുകെട്ടണമെന്നും പോസ്റ്ററിൽ ആവശ്യപ്പെടുന്നു.
ബിജെപി പ്രതികരണ വേദി എന്ന പേരിൽ കാണപ്പെട്ട പോസ്റ്ററിൽ രാജേഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമുണ്ട്. സംഭവത്തിൽ വി.വി രാജേഷ് ഇതുവരെയും പ്രതികരിച്ചിട്ടില്ല.
പക്ഷേ കടുത്ത അതൃപ്തിയിലാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പാർട്ടിയിൽ ഇനി ഇത്തരം പ്രവണത അനുവദിക്കില്ലെന്ന് അദ്ദേഹം ജില്ലാ നേതൃത്വത്തിന് താക്കീതുനൽകി. പോസ്റ്ററുകൾ ഒട്ടിച്ചവരെ കണ്ടെത്തണം. പാർട്ടി പ്രവർത്തകർ ആണെങ്കിൽ അച്ചടക്ക നടപടി ഉണ്ടാകും. രാജേഷിനെതിരായ ആരോപണങ്ങൾ അന്വേഷിക്കുമെന്നും എന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.