കാലിക്കറ്റ് യൂണിവേഴ്സിറ്റി എ പ്ലസ് ആഘോഷ പരിപാടി കമ്മറ്റിയിൽ നിന്ന് സിൻഡിക്കേറ്റ് അംഗം റഷീദ് അഹമ്മദ് രാജിവെച്ചു
പരിപാടിയുടെ സംഘാടനത്തിൽ സുതാര്യമല്ലാത്ത സ്പോൺസർഷിപ്പ് ഉണ്ടായെന്ന് ആരോപിച്ചാണ് രാജി.
കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ നാക് എ പ്ലസ് ആഘോഷ പരിപാടി കമ്മറ്റിയിൽ നിന്ന് സിൻഡിക്കേറ്റ് അംഗം റഷീദ് അഹമ്മദ് രാജിവെച്ചു. പരിപാടിയുടെ സംഘാടനത്തിൽ സുതാര്യമല്ലാത്ത സ്പോൺസർഷിപ്പ് ഉണ്ടായെന്ന് ആരോപിച്ചാണ് രാജി.
രാജിക്കത്തിന്‍റെ പൂര്‍ണരൂപം
ബഹുമാനപ്പെട്ട വൈസ് ചാൻസലർ അവർകൾക്ക്,
നാക് എ പ്ലസ് കിട്ടിയതിന്‍റെ ഭാഗമായി ഒക്ടോബർ 21ന് നടക്കുന്ന ആഘോഷത്തിന്‍റെ ചെലവിലേക്ക് യാതൊരു തത്വദീക്ഷയുമില്ലാതെ സ്പോൺസർഷിപ് സ്വീകരിക്കുന്നതിലെ നിയമ വിരുദ്ധത ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ഞാൻ താങ്കൾക്ക് ഒരു കത്ത് തന്നിരുന്നു. താങ്കളുടെ ഉത്തരവ് അഴിമതിക്ക് വളം വെക്കും എന്നായിരുന്നു കത്തിന്റെ കാതൽ.
ആഘോഷ പരിപാടിയുടെ മുന്നോടിയായി സ്റ്റേജ്, ലൈറ്റ് ആന്റ് സൗണ്ട് ഒരുക്കേണ്ടത് എന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ്. പ്രസ്തുത കാര്യത്തിന് സർവ്വകലാശാല ഒരു തുകയും അനുവദിച്ചിട്ടില്ല. എന്നാൽ സ്റ്റേജ്, ലൈറ്റ്, സൗണ്ട് എന്നിത്യാദി സൗകര്യങ്ങൾ പുറത്തുള്ള ഏതോ ഏജൻസിയെക്കൊണ്ട് ആരോ സജ്ജീകരിക്കുന്നതായി കാണുന്നു. കമ്മിറ്റി ചെയർപേഴ്സൺ എന്ന നിലക്ക് ഞാൻ ആരെയും ഏൽപിച്ചിട്ടില്ല. ഞങ്ങളുടെ കമ്മിറ്റിയും ആരെയും ഏൽപിച്ചിട്ടില്ല. ഇതിനർത്ഥം ആഘോഷ പരിപാടികളുടെ ഭാഗമായി അജ്ഞാതരായ സ്പോൺസർമാരും അത് സംഘടിപ്പിക്കുന്നവരും അണിയറയിൽ പ്രവർത്തിച്ചു വരുന്നുവെന്നാണ്. അഴിമതി രഹിത സുതാര്യ ഭരണം എന്ന സർവ്വകലാശാലാ സിണ്ടിക്കേറ്റ് നയത്തിന് എതിരായ കാര്യമാണിത്.
ഈ സാഹചര്യത്തിൽ സ്റ്റേജ്, ലൈറ്റ് ആന്റ് സൗണ്ട് കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനത്ത് തുടരുന്നതിന് എനിക്ക് നയപരമായി പ്രയാസമുണ്ട്. അതിനാൽ തൽസ്ഥാനത്ത് നിന്ന് 20-10-2022 മുതൽ ഞാൻ രാജിവെക്കുകയാണ്. സദയം സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.