പരാതിയുടെ അടിസ്ഥാനത്തിൽ മാത്രം ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനാവില്ല; നിയമപ്രശ്‌നങ്ങളുണ്ടെന്ന് വിദഗ്ധർ
മലപ്പുറം സ്വദേശി ഹൈക്കോടതിയെ സമീപ്പിച്ചപ്പോൾ അക്കൗണ്ട് മരവിപ്പിക്കൽ മാറ്റിക്കൊടുത്താണ് എസ്.ബി.ഐ നിയമനടപടിയിൽ നിന്ന് ഒഴിഞ്ഞുമാറിയത്
കോഴിക്കോട്: സംശയാസ്പദമായ ഇടപാടുകളെന്നാരോപിച്ച് അക്കൗണ്ട് മരവിപ്പിക്കുന്ന ബാങ്ക് നടപടികളിൽ നിയമപരമായ പ്രശ്‌നങ്ങളുണ്ടെന്ന് നിയമവിദഗ്ധർ. പരാതിയുടെ മാത്രം അടിസ്ഥാനത്തിൽ അക്കൗണ്ട് പൂർണമായി മരവിപ്പിക്കുന്നത് നിയമപരമായി സാധൂകരിക്കാവുന്ന നടപടിയല്ലെന്ന് വിമർശനം. ബാങ്ക് മരവിപ്പിക്കലിനെതിരെ ഹൈക്കോടതിയെ സമീപ്പിച്ചവർക്ക് അനുകൂല വിധി കിട്ടിയിട്ടുണ്ട്.
ബാങ്ക് അക്കൗണ്ടിലേക്ക് സംശയാസ്പദമായ തുക വന്നു എന്ന പരാതി ഏതെങ്കിലും സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനിൽ നിന്ന് വന്നു എന്നു പറഞ്ഞാണ് അക്കൗണ്ടുകൾ മരവിപ്പിക്കുന്നത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസുകൾ കുറവാണ്. ഇങ്ങനെ പരാതിയുണ്ടെന്നതിന്റെ മാത്രം അടിസ്ഥാനത്തിൽ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് നിയമവൃത്തങ്ങൾ പറയുന്നത്.
എഫ് ഐ ആർ രജിസ്റ്റ്ർ ചെയ്ത കേസുകളിലും അക്കൗണ്ട് മരവിപ്പിക്കുന്നതും മാറ്റുന്നതും കോടതിയുടെ അറിവോടെയായിരിക്കണം. ഇപ്പോൾ ഉയരുന്ന പല പരാതികളിലും ഇവയൊന്നും പാലിക്കപ്പെടുന്നില്ല. പൊലീസ് ഉദ്യോഗസ്ഥർ തന്നെ പണം കൈപ്പറ്റി അക്കൗണ്ട് മരവിപ്പിക്കൽ മാറ്റുന്ന സംഭവം വരെയുണ്ട്.
ബാങ്ക് അക്കൗണ്ട് മരവിപ്പിക്കലിനെതിരെ 2022 സെപ്റ്റംബറിൽ മലപ്പുറം സ്വദേശി ഹൈക്കോടതിയെ സമീപ്പിച്ചിരുന്നു. കേസ് പരിഗണിക്കുന്നതിനിടെ അക്കൗണ്ട് മരവിപ്പിക്കൽ മാറ്റിക്കൊടുത്താണ് എസ്.ബി.ഐ നിയമനടപടിയിൽ നിന്ന് ഒഴിഞ്ഞുമാറിയത്. ബാങ്ക് മരവിപ്പിക്കൽ നടപടിക്കെതിരെ നിയമ പോരാട്ടത്തിന് സാധ്യതയുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ സംഭവങ്ങൾ.