ജപ്തി ഭീഷണിയിൽ കാൻസർ ബാധിതൻ; ജോലി നഷ്ടമായി, ചികിത്സാചെലവും പ്രതിസന്ധിയിൽ
ലോണെടുത്ത ശേഷം കാൻസർ ബാധിച്ചു. പിന്നാലെ ജോലിയും നഷ്ടപ്പെട്ടു.
താമസിക്കുന്ന വീട് ഉൾപ്പെടെ ജപ്തി ചെയ്യുമെന്ന ആശങ്കയിൽ കാൻസർ ബാധിതൻ. മക്കളുടെ പഠനത്തിനും വീട് പണിക്കുമായി ബാങ്ക് ലോണെടുത്ത മലപ്പുറം വറ്റല്ലൂരിലെ ബഷീറും കുടുംബവുമാണ് ജപ്തി ഭീഷണി നേരിടുന്നത്. ലോണെടുത്ത ശേഷം കാൻസർ ബാധിച്ചു. പിന്നാലെ ജോലിയും നഷ്ടപ്പെട്ടു. ഇതോടെയാണ് ലോൺ തിരിച്ചടവ് മുടങ്ങിയതെന്ന് ബഷീർ പറയുന്നു.
മക്കളുടെ വിദ്യാഭ്യാസത്തിനും വീട് പണിക്കുമായാണ് മുഹമ്മദ് ബഷീർ കനറ ബാങ്ക് മലപ്പുറം ശാഖയിൽ നിന്ന് 45 ലക്ഷം രൂപ ലോണെടുത്തത്. 2014ൽ എടുത്ത ലോണിന്‍റെ തിരിച്ചടവ് കൃത്യമായിരുന്നു. ഇതിനിടെയാണ് പ്രവാസിയായിരുന്ന ബഷീറിന്‍റെ സൗദി അറേബ്യയിലെ ജോലി നഷ്ടപ്പെടുന്നത്. ഇതോടൊപ്പം കാൻസർ ബാധിതനായി. ചികിത്സാ ചെലവ് പോലും പ്രതിസന്ധിയിലായി.
ഏതാണ്ട് 19 ലക്ഷം രൂപ ലോണിലേക്ക് തിരിച്ചടച്ചു. ഇനി 65 ലക്ഷത്തോളം രൂപ തിരിച്ചടക്കണമെന്നാണ് ബാങ്കിൽ നിന്ന് ലഭിച്ച നിർദേശം. മാസം ഒന്നര ലക്ഷം രൂപ വീതമടച്ചാലേ ജപ്തി ഒഴിവാക്കാനാകൂ. ബാങ്ക് പരമാവധി സാവകാശം നൽകിയിട്ടുണ്ടെന്നും ചട്ടം പാലിച്ചാണ് നടപടി ക്രമങ്ങളെന്നുമാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. ആറ് ലക്ഷത്തോളം രൂപ ഒന്നിച്ചടച്ചാൽ പിന്നീട് മാസത്തിൽ 60,000 രൂപ അടച്ച് ലോൺ തിരിച്ചടവ് പൂർത്തിയാക്കാനുള്ള അവസരമുൾപ്പെടെ ഇനിയും നൽകാമെന്നും കാനറ ബാങ്ക് അധികൃതർ പറഞ്ഞു. എന്നാൽ ചികിത്സാ ചെലവ് തന്നെ പ്രതിസന്ധിയിലാണ്. ഇത്രയും ഭീമമായ തുക എല്ലാ മാസവും നൽകാനാകില്ലെന്നുള്ള നിസഹായാവസ്ഥയിലാണ് ബഷീറും കുടുംബവും.