ബൈബിളിനു പകരം മറ്റൊരു മതഗ്രന്ഥമായിരുന്നെങ്കില്‍ അടുത്ത ചിത്രം സംവിധാനം ചെയ്യാൻ ജോഷിക്ക് തലയുണ്ടാകില്ല; 'ആന്‍റണി' സിനിമക്കെതിരെ കാസ

നിലവിൽ സഭാനേതൃത്വം വിശ്വാസികളെ തെരുവിൽ ഇറക്കണം എന്നുണ്ടെങ്കിൽ സഭയുടെ സ്കൂളിനോ കോളേജിനോ ആശുപത്രിക്കോ എന്തെങ്കിലും പ്രശ്നമുണ്ടാവണം

Update: 2023-12-02 05:43 GMT
Editor : Jaisy Thomas | By : Web Desk

കാസ/ആന്‍റണി

Advertising

ജോഷിയുടെ സംവിധാനത്തില്‍ ജോജു ജോര്‍ജ് നായകനായി പുറത്തിറങ്ങിയ 'ആന്‍റണി' എന്ന ചിത്രത്തിനെതിരെ വിമര്‍ശവുമായി തീവ്ര ക്രിസ്ത്യന്‍ കൂട്ടായ്മയായ കാസ. ചിത്രത്തില്‍ ബൈബിബിളിനെ അവഹേളിക്കുന്ന രംഗമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കാസ രംഗത്തെത്തിയത്. വിശുദ്ധ ബൈബിൾ ആയതുകൊണ്ട് ജോഷിക്ക് കുഴപ്പമൊന്നും ഉണ്ടാകില്ലെന്നും മറ്റൊരു സമുദായത്തിന്‍റെ മതഗ്രന്ഥം ആയിരുന്നുവെങ്കില്‍ ചിത്രം കേരളത്തിൽ ഒരു തിയറ്ററിലും പ്രദർശിപ്പിക്കുകയില്ലെന്ന് കാസ പ്രസ്താവനയില്‍ പറയുന്നു.

കാസയുടെ പ്രസ്താവന

എന്തുകൊണ്ട് ക്രൈസ്തവ വിശ്വാസങ്ങളും വിശുദ്ധ ബൈബിളും ക്രിസ്ത്യൻ സംസ്കാരങ്ങളും വീണ്ടും വീണ്ടും അവഹേളിക്കപ്പെടുന്നു ???

പൊതുവേ ക്രിസ്ത്യൻ വിശ്വാസങ്ങളോട് തന്‍റെ സിനിമകളിൽ മാന്യത പുലർത്തിയിരുന്ന സംവിധായകൻ ജോഷിയും അവസാനമിതാ വിശുദ്ധ ബൈബിൾ അവഹേളിക്കുന്ന രംഗം തന്റെ സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നു ...... ആൻറണി എന്ന തന്റെ പുതിയ ചിത്രത്തിലെ ഒരു രംഗത്തിൽ തോക്ക് ഒളിപ്പിക്കുന്നതിനായി വിശുദ്ധ ബൈബിൾ മുറിച്ചു തുരന്ന് അറ ഉണ്ടാക്കിയതായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത് !

വിശുദ്ധ ബൈബിൾ ആയതുകൊണ്ട് ജോഷിക്ക് കുഴപ്പമൊന്നും ഉണ്ടാകില്ല മറിച്ച് മറ്റൊരു സമുദായത്തിന്‍റെ മതഗ്രന്ഥം ആയിരുന്നു ജോഷി കീറി തുരന്നതെങ്കിൽ ജോഷിയുടെ ആന്‍റണി എന്ന ചിത്രം കേരളത്തിൽ ഒരു തിയറ്ററിലും പ്രദർശിപ്പിക്കുകയുമില്ല അടുത്ത ചിത്രം സംവിധാനം ചെയ്യാൻ ജോഷിക്ക് തലയും ഉണ്ടാവില്ല.

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് . ആരാണ് ഇതിന്‍റെ പ്രധാന കാരണക്കാർ ???

അതിനു ഉത്തരം ഒന്നേയുള്ളൂ നമ്മൾ തന്നെയാണ് ഇതിന്‍റെ കാരണക്കാർ . എടുത്തു പറഞ്ഞാൽ പൊതുവേ പ്രതികരണശേഷിയില്ലാത്ത ഒരു സമുദായത്തിലെ വിശ്വാസികളെ ഉണർത്തി വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തുവാൻ ശ്രമിക്കാത്ത അല്ലെങ്കിൽ അതിന് ശ്രമിക്കുന്നവരെ പിന്തുണയ്ക്കാത്ത കേരളത്തിലെ ക്രിസ്ത്യൻ മത നേതൃത്വം തന്നെയാണ് ഇതിന്‍റെ പ്രധാന കാരണക്കാർ !!

ക്രിസ്ത്യൻ വിശ്വാസികളെ തെരുവിൽ ഇറക്കണമെങ്കിൽ പുരോഹിത നേതൃത്വം വിചാരിച്ചാൽ അല്ലാതെ സഭയ്ക്ക് പുറത്തുള്ള ഒരു സംഘടന വിചാരിച്ചാലും നിലവിൽ സാധിക്കില്ല എന്നത് ഒരു സത്യം തന്നെയാണ് . അല്ലെങ്കിൽ ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ സംഭവിച്ചത് പോലെ നല്ലൊരു അനുഭവം കേരളത്തിലെ ക്രിസ്ത്യാനികൾക്ക് ഉണ്ടാവണം.

നിലവിൽ സഭാനേതൃത്വം വിശ്വാസികളെ തെരുവിൽ ഇറക്കണം എന്നുണ്ടെങ്കിൽ സഭയുടെ സ്കൂളിനോ കോളേജിനോ ആശുപത്രിക്കോ എന്തെങ്കിലും പ്രശ്നമുണ്ടാവണം, അല്ലാതെ വിശ്വാസിപരമായ വിഷയത്തിന്മേൽ ഉള്ള ഒരു പ്രതിഷേധത്തിന് ഇതുവരെ സഭാ നേതൃത്വം തുനിഞ്ഞിട്ടില്ല....... പിന്നെയിറങ്ങും മറ്റു വല്ലവർക്കും വേണ്ടി ആവശ്യമില്ലാത്ത കാര്യങ്ങളിൽ തലയിട്ട് അവർ പറയുന്നത് കേട്ട് വിശ്വസിച്ചുകൊണ്ട് അവർക്കുവേണ്ടി ആവശ്യമില്ലാതെ വിശ്വാസികളെ തെരുവിലിറക്കും. ഇറങ്ങുമായിരുന്നെങ്കിൽ ക്രിസ്ത്യാനികളുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിൾ ഒരു കാസർഗോഡ്കാരൻ ഡീസൽ ഒഴിച്ചു കത്തിച്ച് അതിൻറെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രദർശിപ്പിച്ചപ്പോൾ ഇറങ്ങണമായിരുന്നു .ഇറങ്ങിയോ ഇല്ല !

അന്ന് അതിനെതിരെ സഭ നേതൃത്വങ്ങൾ പ്രതിഷേധിച്ചിരുന്നുവെങ്കിൽ , ക്രിസ്ത്യാനികളുടെ വിശുദ്ധ ഗ്രന്ഥത്തിന്റെ വില എന്താണെന്ന് പൊതു സമൂഹത്തെ ബോധ്യപ്പെടുത്തിയിരുന്നുവെങ്കിൽ ഇന്ന് ജോഷിയുടെ ചിത്രത്തിൽ വിശുദ്ധ ഗ്രന്ഥമായ ബൈബിൾ തോക്ക് വയ്ക്കാൻ അറയുണ്ടാക്കിയ രംഗം ഉണ്ടാകുമായിരുന്നില്ല ! ബൈബിൾ കത്തിച്ച വിഷയത്തിൽ അതിനെതിരെ വിശ്വാസികളെ ഉപയോഗിച്ച് ഒരു പ്രതിഷേധം സംഘടിപ്പിക്കാൻ സഭാ നേതൃത്വത്തിന് സാധിച്ചില്ല എന്നതല്ല അവർ അതിന് തുനിഞ്ഞില്ല എന്നതാണ് സത്യം .

അവർക്ക് കീഴിൽ നൂറും എൺപതും വർഷത്തെ സഭയുടെ ഔദ്യോഗിക അംഗീകാരത്തിൻറെ തഴമ്പ് ഇടയ്ക്കിടെ പൊക്കി കാണിക്കുന്ന ക്രൈസ്തവ യുവജന സംഘടനകൾ ഉണ്ടായിരുന്നു . അണ്ണാക്കിൽ ബനാന തിരക്കിയതല്ലാതെ ഒറ്റൊരുത്തനും അതിനെതിരെ പ്രതിഷേധിച്ചില്ല. അന്ന് ബൈബിൾ കത്തിച്ചതിനെതിരെ 14 ജില്ലകളിലും കാസയ്ക്ക് കഴിയുന്ന രീതിയിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു . ആ പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ സഹായം അഭ്യർത്ഥിച്ചുകൊണ്ട് പല ഇടവക നേതൃത്വങ്ങളെയും ഞങ്ങൾ അന്ന് സമീപിച്ചിരുന്നു. സഹകരിക്കാൻ തയ്യാറാകാത്തവരുടെ നിലപാടുകളെക്കാൾ ഞങ്ങളെ വേദനിപ്പിച്ചത് ആ പരിപാടി പൊളിക്കുവാൻ ശ്രമിച്ച ചില വൈദികരെയും ക്രിസ്ത്യൻ യുവജന സംഘടന യൂണിറ്റുകളിലെ നേതാക്കളുടെ നിലപാടുകൾ ആയിരുന്നു.അവർക്ക് പ്രധാനം സ്വന്തം വിശുദ്ധ ഗ്രന്ഥം കത്തിച്ച വിഷയം ആയിരുന്നില്ല അതിനേക്കാൾ പ്രധാനം മറ്റു പലതും ആയിരുന്നു.

അന്ന് സഭാ നേതൃത്വവും വിശ്വാസികളും യുവജന സംഘടനകളും സഭയ്ക്ക് പുറത്തുള്ള സംഘടനകളും എല്ലാം ഒരേപോലെ ബൈബിൾ കത്തിച്ച വിഷയത്തിൽ പ്രതിഷേധിച്ചിരുന്നുവെങ്കിൽ പിന്നീട് ഒരിക്കലും വിശുദ്ധ ഗ്രന്ഥത്തിനു നേരെ ഒരു അവഹേളനം കേരളത്തിൽ ഉണ്ടാകുമായിരുന്നില്ല. പക്ഷേ കഥയറിയാതെ ആട്ടം ആടാനായി അനാവശ്യ കാര്യങ്ങളിൽ വിശ്വാസികളെ തെരുവിൽ ഇറക്കാൻ പുരോഹിത നേതൃത്വങ്ങൾക്ക് ഒരു മടിയുമില്ല . ലീഗും കോൺഗ്രസും സുഡാപ്പികളും ചേർന്ന് കൃത്യമായി ആസൂത്രണം ചെയ്ത മണിപ്പൂർ നാടകത്തിൽ വൈദിക നാമധാരിയും സഹായിയും പ്രധാന നടന്മാരായി നിറഞ്ഞാടിയപ്പോൾ , അവരുടെ വ്യാജ ഡയലോഗിലും കള്ളക്കണ്ണീരിലും വിശ്വസിച്ചു ഒരു ആവശ്യവും ഇല്ലാതെ വിശ്വാസികളെ ഇറക്കി ജപമാല റാലിയും പ്രാർത്ഥനാലിയും വരെ നടത്തിക്കാൻ പുരോഹിതർ മത്സരിക്കുകയായിരുന്നു.

ആ വൈദിക വേഷധാരിയും സഹായിയും നടത്തിയ കുഴലൂത്തുകളിൽ മയങ്ങി വിഡ്ഢി വേഷം കെട്ടുകയായിരുന്നു കേരള ക്രൈസ്തവ സമൂഹം . സിബിസിഐയുടെ പ്രസിഡന്‍റും കർദിനാളും ഒക്കെ പറഞ്ഞത് തള്ളിക്കളഞ്ഞുകൊണ്ട് വൈദിക വേഷധാരിയുടെ കള്ള കഥകളും കള്ള കണ്ണീരും മാത്രം വിശ്വസിച്ച് വിവിധ രൂപതകൾ നടത്തിയ പ്രതിഷേധങ്ങളുടെ പത്തിലൊന്ന് ആത്മാർത്ഥത ബൈബിൾ കത്തിച്ച വിഷയത്തിൽ കാണിച്ചിരുന്നെങ്കിൽ ഇന്ന് ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല.

സ്വന്തം വിശ്വാസത്തെ നിലനിർത്താൻ സിറിയയിലും ഇറാഖിലും നൈജീരിയയിലും എല്ലാം വൈദികരും കന്യാസ്ത്രീകളും തീവ്രവാദികളുടെ യന്ത്രതോക്കുകൾക്കു മുന്നിൽ നിർഭയം പ്രവർത്തിക്കുമ്പോൾ ഇവിടെ ഈ രാജ്യത്ത് സ്വന്തം വിശ്വാസങ്ങളെ അവഹേളിക്കുവാൻ ശ്രമിക്കുന്നത് കാണുമ്പോൾ അതിനെതിരെ ജനാധിപത്യരീതിയിൽ പോലും പ്രതിഷേധിക്കാൻ തുനിയാത്ത നേതൃത്വങ്ങൾ ആയിരിക്കും ഈ മണ്ണിലെ ക്രൈസ്തവ സമൂഹത്തിൻറെ അധപതനത്തിന്റെ കാരണക്കാർ .

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News