തൊഴിലാളികളെ അടിച്ച് പരിക്കേൽപ്പിച്ചു; സി.ഐ.ടി.യു പ്രവർത്തകർക്കെതിരെ കേസ്
സി.ഐ.ടി.യു പ്രവർത്തകർ ആക്രമിക്കുമെന്ന് ഭയന്ന് കെട്ടിടത്തിലേക്ക് ഓടി കയറിയ യുവാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു
മലപ്പുറം: എടപ്പാളിൽ സി.ഐ.ടി.യു പ്രവർത്തകർ തൊഴിലാളികളെ ആക്രമിച്ചതിൽ 10 പേർക്കെതിരെ പൊലീസ് കേസെടുത്തു. കൈ കൊണ്ടും ഫൈബർ ട്യൂബ് ലൈറ്റുകൊണ്ടും തൊഴിലാളികളെ അടിച്ച് പരിക്കേൽപ്പിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്. ലോഡ് ഇറക്കിയ തൊഴിലാളികളുമായി സി.ഐ.ടി.യു പ്രവർത്തകർ സംസാരിക്കുക മാത്രമാണ് ചെയ്തതെന്ന് സി.ഐ.ടി.യു മലപ്പുറം ജില്ലാ പ്രസിഡന്റ് എം.ബി ഫൈസൽ പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. എടപ്പാളിൽ നിർമാണം നടക്കുന്ന കെട്ടിടത്തിൽ ഇലക്ട്രിക് സാമഗ്രികൾ ഇറക്കിയ തൊഴിലാളികളെയാണ് ആക്രമിച്ചതായി പരാതിയുള്ളത്. സി.ഐ.ടി.യു പ്രവർത്തകർ ആക്രമിക്കുമെന്ന് ഭയന്ന് കെട്ടിടത്തിലേക്ക് ഓടി കയറിയ യുവാവ് വീണു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ തൊഴിലാളികളെ ആക്രമിച്ചിട്ടില്ലെന്നാണ് സി.ഐ.ടി.യു നൽകുന്ന വിശദീകരണം.
അതേസമയം, സി.ഐ.ടി.യുവിന്റെ വാദം തള്ളുന്നതാണ് പൊലീസിന്റെ എഫ്.ഐ.ആർ. മനപൂർവമായി പരിക്കേൽപ്പിക്കുക, സംഘം ചേർന്ന് ആക്രമിക്കുക, ആയുധമുപയോഗിച്ച് പരിക്കേൽപ്പിക്കുക, അസഭ്യം പറയുക എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.