സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി; കുസാറ്റ് സ്റ്റുഡന്റ് വെല്‍ഫെയര്‍ ഡയറക്‌ടർ പി.കെ ബേബിക്കെതിരെ കേസ്
കുസാറ്റിലെ വിദ്യാര്‍ഥി നല്‍കിയ പരാതിയിലാണ് കളമശ്ശേരി പൊലീസ് കേസ് എടുത്തത്
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ കുസാറ്റ് സ്റ്റുഡന്റ് വെല്‍ഫെയര്‍ ഡയറക്ടര്‍ പി.കെ ബേബിക്കെതിരെ കേസ്. കുസാറ്റിലെ വിദ്യാര്‍ഥി നല്‍കിയ പരാതിയിലാണ് കളമശ്ശേരി പൊലീസ് കേസ് എടുത്തത്. വിദ്യാർത്ഥി വി.സിക്ക് നൽകിയ പരാതിയിൽ ഐ.സി.സി അന്വേഷണവും തുടരുകയാണ്.
കഴിഞ്ഞ മാർച്ചിലാണ് ഇത്തരത്തിലൊരു പരാതി ഉയർന്നിരുന്നത്. യുവജനോത്സവത്തിനിടെ പികെ ബേബി പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. സംഭവത്തിൽ ആദ്യം പൊലീസിൽ പരാതി നൽകിയിരുന്നില്ല. വി.സിക്ക് നൽകിയ പരാതിയിൽ ആഭ്യന്തര അന്വേഷണം നടത്താനായിരുന്നു തീരുമാനം. ഐസിസി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പെൺകുട്ടി പൊലീസിനെ സമീപിക്കുന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ കളമശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പികെ ബേബിയെ വിളിച്ചുവരുത്തി ചോദ്യംചെയ്യുമെന്നുമാണ് പൊലീസ് നൽകുന്ന വിവരം. നേരത്തെ, മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് അസോ.പ്രൊഫസറായി നിയമനം നൽകിയെന്ന ആരോപണം പികെ ബേബിക്കെതിരെ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പീഡനപരാതിയും ഉയരുന്നത്.