മഹിളാ കോൺഗ്രസ് പ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമം; ഡി.സി.സി നേതാവിനെതിരെ കേസ്
പരാതി പിൻവലിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് തിരുവനന്തപുരം ഡിസിസി അംഗം മധു പറയുന്ന ഓഡിയോ സന്ദേശം പുറത്തായി
മഹിളാ കോൺഗ്രസ് പ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഡി.സി.സി നേതാവിനെതിരെ കേസ്. തിരുവനന്തപുരം ഡിസിസി അംഗം വേട്ടമുക്ക് മധുവിനെതിരെയാണ് പൂജപ്പുര പൊലീസ് കേസെടുത്തത്. ഭർത്താവുമായി അകന്നു കഴിയുന്ന മഹിളാ കോൺഗ്രസ് നേതാവിന്റെ പരാതിയിലാണ് ഡിസിസി അംഗം വേട്ടമുക്ക് മധുവിനെതിരെ പൊലീസ് കേസെടുത്തത്. ആറു മാസം മുമ്പ് സാമ്പത്തിക സഹായം നൽകിയശേഷം ചൂഷണം ചെയ്യാൻ ശ്രമിച്ചെന്നാണ് പരാതി. ഫോണിലൂടെ നിരന്തരം അശ്ലീല സംഭാഷണങ്ങളും ചിത്രങ്ങളും വീഡിയോകളും അയച്ചതായും വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ചതായും അവർ പറഞ്ഞു. പാർട്ടി നേതൃത്വത്തിന് പരാതി നൽകിയതോടെ അതിന്റെ പേരിലായി ഭീഷണിയെന്നും കുറ്റപ്പെടുത്തി.
അതിനിടെ, പരാതി പിൻവലിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് മധു പറയുന്ന ഓഡിയോ സന്ദേശം പുറത്തായി. പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾക്ക് പുറമെ പട്ടികജാതി-പട്ടിക വർഗ പീഡന നിരോധന നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്. കന്റോൻമെന്റ് എ സിക്കാണ് അന്വേഷണ ചുമതല. കേസെടുത്ത് പത്ത് ദിവസമായിട്ടും പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല.
Case against DCC leader for trying to torture Mahila Congress worker.