സിർവർലൈൻ സമരക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചില്ല; പ്രതിഷേധം ശക്തമാക്കുമെന്ന് സമര സമിതി
കേസുകൾ പിൻവലിക്കാനാകില്ലെന്ന നിലപാടിലാണ് സർക്കാർ
ഹൈക്കോടതി പറഞ്ഞിട്ടും സിൽവർ ലൈൻ വിരുദ്ധ സമരക്കാർക്കെതിരായ കേസുകൾ പിൻവലിക്കാൻ സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി സമര സമിതി. മാടപ്പള്ളിയിലും കുഴിയാലിപ്പടിയിലും വരും ദിവസങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ഒന്നാം തിയ്യതി കരിദിനം ആചരിക്കാനും സമര സമിതി തീരുമാനിച്ചിട്ടുണ്ട്.
കെ റെയിൽ കല്ലിടലുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളിൽ ഏറ്റവും കൂടുതൽ കേസുകൾ എടുത്തത് കോട്ടയം ജില്ലയിലാണ്. മാടപ്പള്ളിയിൽ വീട്ടമ്മമാർക്കെതിരെ വരെ കേസ് എടുത്തു. കുഴിയാലിപ്പടിയിലും നിരവധി പേർക്ക് എതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ ഈ കേസുകൾ പിൻവലിക്കാനാകില്ലെന്ന കടുത്ത നിലപാടിലാണ് സർക്കാർ. ഹൈക്കോടതി പോലും ഇക്കാര്യം ആവശ്യപ്പെട്ടിട്ടും സർക്കാർ കേസിൽ നിന്നും പിൻമാറാൻ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് കടക്കാനാണ് സമര സമിതി പ്രവർത്തകരുടെ തീരുമാനം.
ഒക്ടോബര്‍ ഒന്നിന് കെ റെയിൽ വിരുദ്ധ സമര സമിതി കരിദിനം ആചരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. തുടർന്ന് വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കും. പദ്ധതി കേരളത്തിന് യോജിച്ചതല്ലെന്ന് ഉയർത്തിക്കാട്ടി പ്രചാരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. മാടപ്പള്ളിയിലും കുഴിയാലിപ്പടിയിലുമാണ് ഏറ്റവും കൂടുതൽ കേസുകൾ എടുത്തിട്ടുള്ളത്. അതുകൊണ്ടുതന്നെ കോട്ടയം കേന്ദ്രീകരിച്ച് പ്രതിഷേധം ശക്തമാക്കാനാണ് നീക്കം.