സിപിഎം നേതാക്കൾക്കെതിരെ സ്‌ഫോടക വസ്തു എറിഞ്ഞ കേസ്; ഒളിവിൽ പോയ മുൻ സിപിഎം പ്രവർത്തകൻ കോടതിയിൽ കീഴടങ്ങി
രണ്ടാം പ്രതി സെമീറിനെ അമ്പലത്തറ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു
കാസർകോട്: അമ്പലത്തറയിൽ സിപിഎം നേതാക്കൾക്കെതിരെ സ്‌ഫോടക വസ്തു എറിഞ്ഞ കേസിൽ ഒളിവിൽ പോയ മുൻ സിപിഎം പ്രവർത്തകൻ കോടതിയിൽ കീഴടങ്ങി. മുട്ടിച്ചരൽ കണ്ണോത്ത് സ്വദേശി രതീഷ്(42) ഹോസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് കീഴടങ്ങിയത്. സംഭവത്തിൽ കണ്ണോത്ത് തട്ട് സ്വദേശി ഷമീർ എന്നയാളെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
മെയ് 20ന് രാത്രി ഏഴരയോടെയാണ് അമ്പലത്തറയിൽ സിപിഎം പ്രാദേശിക നേതാക്കൾക്കെതിരെ ആക്രമണം ഉണ്ടായത്. കണ്ണോത്ത് തട്ടിൽ ഗൃഹ സന്ദർശനത്തിന് എത്തിയ ലോക്കൽ സെക്രട്ടറിമാരായ അനൂപ്, ബാബുരാജ്, ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി അരുൺ, ബാലകൃഷ്ണൻ എന്നിവർക്ക് നേരെ രതീഷ് സ്‌ഫോടകവസ്തു എറിയുകയായിരുന്നു.
നേതാക്കൾക്കെതിരെ രതീഷും ഷമീറും നടത്തിയ ആസൂത്രിത ആക്രമണമാണെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. പ്രതിക്ക് പാർട്ടിയുമായി ബന്ധമില്ലെന്നും വ്യക്തിവൈരാഗ്യമാകാം ആക്രമണത്തിന് പിന്നിലെന്നുമാണ് സിപിഎമ്മിന്റെ വിശദീകരണം. ആക്രമണത്തിൽ നാട്ടുകാരിയായ ആമിനയുടെ കണ്ണിന് പരുക്കേറ്റു. നേതാക്കൾ ഓടിമാറിയതിനാൽ പരുക്കേൽക്കാതെ രക്ഷപെടുകയായിരുന്നു.