മേയർ-ഡ്രൈവർ തർക്കം: കെ.എസ്.ആർ.ടി.സി ബസിലെ മെമ്മറി കാർഡ് കാണാതായതിൽ കേസ്
കെ.എസ്.ആർ.ടി.സിയുടെ പരാതിയിൽ മോഷണക്കുറ്റത്തിനാണ് കേസെടുത്തത്.
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെ.എസ്.ആർ.ടി.സി ഡ്രൈവറും തമ്മിലുള്ള തർക്കത്തിൽ ബസിലെ സി.സി.ടി.വിയുടെ മെമ്മറി കാർഡ് കാണാതായതിൽ പൊലീസ് കേസെടുത്തു. തമ്പാനൂർ പൊലീസാണ് കേസെടുത്തത്. കെ.എസ്.ആർ.ടി.സിയുടെ പരാതിയിലാണ് കേസ്. മോഷണക്കുറ്റത്തിനാണ് കേസെടുത്തത്.
ബസിൽ മൂന്ന് നിരീക്ഷണ കാമറകളുണ്ടായിരുന്നു. മേയറും ഡ്രൈവറും തമ്മിലുള്ള തർക്കത്തിന് പിന്നാലെ ബസിലെ കാമറകൾ പരിശോധിക്കാത്തതിൽ വിമർശനമുയർന്നിരുന്നു. മേയർക്കെതിരെ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ ബസിലെ ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നിരുന്നു.
കാമറകൾ പരിശോധിക്കാൻ ആദ്യം വിമുഖത കാണിച്ചിരുന്ന പൊലീസ് ഇന്ന് രാവിലെയാണ് ബസ് പരിശോധിക്കാനെത്തിയത്. പരിശോധനയിൽ കാമറയുടെ ഡി.വി.ആർ ലഭിച്ചെങ്കിലും അതിൽ മെമ്മറി കാർഡ് ഉണ്ടായിരുന്നില്ല. ഗതാഗതമന്ത്രിയുടെ നിർദേശപ്രകാരം അടുത്തിടെ കാമറ ഘടിപ്പിച്ച ബസുകളിലൊന്നാണ് ഇത്. മുന്നിലും പിന്നിലും ബസിന്റെ ഉള്ളിലും കാമറയുണ്ടായിരുന്നു. ഒരാഴ്ച ദൃശ്യങ്ങൾ സൂക്ഷിക്കാനാകുന്ന തരത്തിലാണ് കാമറകളുടെ ക്രമീകരണം.