ലീഗിനകത്ത് തിളച്ചുമറിയുന്ന താലിബാനിസത്തിന്‍റെ പുറന്തള്ളലാണ് മുഖ്യമന്ത്രിക്കെതിരായ ജാതി അധിക്ഷേപം: ഡി.വൈ.എഫ്‌.ഐ

'മുസ്‍ലിം ലീഗ് അത്രമേൽ ജമാഅത്തെ ഇസ്‍ലാമി വൽക്കരിക്കപ്പെട്ടിരിക്കുന്നു'

Update: 2021-12-10 10:05 GMT
Editor : ijas
Advertising

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെതിരെ കോഴിക്കോട് നടത്തിയ റാലിയില്‍ ലീഗ് നേതാക്കള്‍ നടത്തിയ വിവാദ പ്രസ്താവനകള്‍ക്കെതിരേ പ്രതികരണവുമായി ഡി.വൈ.എഫ്.ഐ. മുസ്‍ലിം ലീഗിന്‍റെ വിവാദപ്രസംഗം അപരിഷ്‌കൃതവും കേരളത്തിന്‍റെ ഉയർന്ന സാംസ്‌കാരിക പൈതൃകത്തിന് അപമാനകരവുമാണെന്ന് ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. കേരളത്തിന്‍റെ സമാധാനാന്തരീക്ഷവും മതസൗഹാർദ്ദവും തകർക്കുന്ന ഇത്തരം പ്രസംഗങ്ങൾ അത്യന്തം അപകടകരമാണ്. രണ്ടുപേരുടെ വിവാഹജീവിതം ദാമ്പത്യമല്ലെന്നും വ്യഭിചാരമാണെന്നും പരസ്യമായി അധിക്ഷേപിക്കുന്ന ലീഗ് മുന്നോട്ടുവെയ്ക്കുന്ന അഭിപ്രായം ആധുനിക കേരളത്തിന് യോജിച്ചതല്ല. മുസ്‍ലിം ലീഗിനകത്ത് തിളച്ചുമറിയുന്ന താലിബാനിസത്തിന്റെ പുറന്തള്ളലാണ് മുഖ്യമന്ത്രിക്കെതിരായ ജാതീയധിക്ഷേപം. മുസ്‍ലിം ലീഗ് അത്രമേൽ ജമാഅത്തെ ഇസ്‍ലാമി വൽക്കരിക്കപ്പെട്ടിരിക്കുന്നു. മുഖ്യമന്ത്രിക്കെതിരെ ആർ.എസ്.എസ് ആരംഭിച്ച വംശീയാധിക്ഷേപം മുസ്‍ലിം ലീഗ് ഏറ്റെടുത്തിരിക്കുകയാണ്. നവോത്ഥാന നായകർ ഉഴുതുമറിച്ച മണ്ണിൽ ലീഗ് പേറുന്ന ജീർണ്ണിച്ച ചിന്തകൾ ചരിത്രം ചവറ്റുകൊട്ടയിലെറിയും- പ്രസ്താവനയില്‍ പറഞ്ഞു.

മന്ത്രി മുഹമ്മദ് റിയാസിനെതിരെയും ട്രാൻസ്‌ജെന്‍റര്‍ സമൂഹത്തിനെതിരെയുമുളള അതിരുകടന്ന അധിക്ഷേപം പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും ഡി.വൈ.എഫ്.ഐ വിമര്‍ശിച്ചു. മധ്യകാലത്തിലെവിടെയോ സ്തംഭിച്ചുപോയ പ്രാകൃത തലച്ചോറുമായി നടക്കുന്ന ലീഗ് നേതൃത്വം മനോവിഭ്രാന്തിയിലാണ്. നാവിന് ലൈസൻസ് ഇല്ലെന്നുകരുതി ആരെയും അധിക്ഷേപിക്കാമെന്ന ധാർഷ്ട്യം അംഗീകരിച്ച് നൽകാനാവില്ല. കേരളത്തിലെ പ്രബുദ്ധജനത ഇത് തിരിച്ചറിയും. മുസ്‍ലിം മതന്യൂനപക്ഷത്തിലെ മഹാഭൂരിപക്ഷവും മതനിരപേക്ഷ പക്ഷത്ത് നിൽക്കുന്നവരാണ്. അവർ വർഗീയതയെ ഇഷ്ടപ്പെടുന്നില്ല. മുസ്‍ലിം ലീഗിന്‍റെ ഭാഗമായി നിൽക്കുന്നവർക്കിടയിൽപ്പോലും സ്ത്രീ-പുരുഷ തുല്യതയെക്കുറിച്ചും സ്ത്രീ-പുരുഷബന്ധത്തിലെ ജനാധിപത്യത്തെക്കുറിച്ചും വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നുതുടങ്ങിയിരിക്കുന്നു. ഈ മാറ്റം ലീഗിലെ ഒരുവിഭാഗത്തിന് ഇതുവരെയും തിരിച്ചറിയാനാവുന്നില്ല. തങ്ങൾ ജനാധിപത്യ പാർട്ടിയല്ലെന്നും ഒരു വർഗീയ സംഘടനമാത്രമാണെന്നും ലീഗ് ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. ഇത് ലീഗിനെ മുസ്‍ലിം സമൂഹത്തിൽനിന്നും കൂടുതൽ ഒറ്റപ്പെടുത്തുകയേയുള്ളൂവെന്നും ഡി.വൈ.എഫ്.ഐ വിമര്‍ശിച്ചു.

രാഷ്ട്രീയപരമായി വലിയ തിരിച്ചടിയാണ് ലീഗ് നേരിട്ടുകൊണ്ടിരിക്കുന്നത്. വർഗീയവും പുരോഗമനവിരുദ്ധവുമായ നിലപാടുകൾ ലീഗിന്‍റെ തകർച്ചയ്ക്ക് ആക്കംകൂട്ടും. ജമാഅത്തെ ഇസ്‍ലാമിവൽക്കരിക്കപ്പെട്ട ലീഗ് കൂടുതൽ വർഗ്ഗീയ സ്വഭാവം പ്രകടിപ്പിക്കുമ്പോൾ കോൺഗ്രസ് തുടരുന്ന മൗനവും ആപൽക്കരമാണെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയിൽ പറഞ്ഞു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News