പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസ് സിബിഐ ഏറ്റെടുത്തു

പഞ്ചാബ് നാഷണൽ ബാങ്ക് മുൻ മാനേജർ എംപി റിജിലിനെ പ്രതിയാക്കിയാണ് കേസ്

Update: 2023-11-01 03:25 GMT
Advertising

കൊച്ചി: കോഴിക്കോട് പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസ് സിബിഐ ഏറ്റെടുത്തു. കൊച്ചി സിബിഐ കോടതിയിൽ കേസിന്റെ എഫ്‌ഐആർ സമർപ്പിച്ചു. പഞ്ചാബ് നാഷണൽ ബാങ്ക് മുൻ മാനേജർ എംപി റിജിലിനെ പ്രതിയാക്കിയാണ് കേസ്. കോഴിക്കോട് കോർപ്പറേഷന്റെ അക്കൗണ്ടിൽ നിന്നുൾപ്പെടെ 12.81 കോടി തട്ടിയെന്ന് കാണിച്ചാണ് കേസെടുത്തിരുന്നത്.

കോർപ്പറേഷന്റെ ഓഡിറ്റിങ്ങിലാണ് പണം നഷ്ട്ടപ്പെട്ടതായി കണ്ടെത്തിയത്. 98 ലക്ഷം രൂപയാണ് റിജിൽ തട്ടിയെടുത്തതെന്നായിരുന്നു ബാങ്ക് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. എന്നാൽ വിശദമായി അന്വേഷിച്ചപ്പോൾ 2.53 കോടി രൂപയുടെ തിരിമറി നടത്തിയതായി സ്ഥിരീകരിച്ചു. പിന്നീട് ബാങ്ക് ഈ തുക കോർപ്പറേഷന് തിരികെ നൽകിയിരുന്നു. തട്ടിപ്പിനെ തുടർന്ന് അക്കൗണ്ടിൽ പണം ഇല്ലാതിരുന്ന സമയത്ത് കോർപ്പറേഷന് ലഭിക്കേണ്ടിയിരുന്ന പലിശയും ബാങ്ക് തിരികെ നൽകി.

വ്യക്തികളുടെത് ഉൾപ്പെടെ 17 ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 21 കോടിയിലേറെ രൂപയാണ് റിജിൽ തിരിമറി നടത്തിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. വിവിധ അക്കൗണ്ടുകളിലെ പണം റിജിൽ ഇതേ ബാങ്കിലുള്ള പിതാവിന്റെ അക്കൗണ്ടിലേക്ക് മാറ്റുകയും പിന്നീട് ആക്‌സിസ് ബാങ്കിലുള്ള സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയുമാണ് പണം തട്ടിയെടുത്തത്. തട്ടിപ്പിന് പിന്നിൽ റിജിൽ മാത്രമാണെന്ന് ക്രൈംബ്രാഞ്ച് നിഗമനത്തിലെത്തിയിരുന്നു.

ബാങ്കിൽ നിന്ന് പണം തട്ടിയെടുത്തത് ഓഹരി വ്യാപാരത്തിലുണ്ടായ നഷ്ടം നികത്താനെന്ന് പ്രതി എം.പി റിജിൽ മൊഴി നൽകിയിരുന്നു. ഓഹരിവ്യാപാരത്തിൽ നഷ്ടമുണ്ടായതോടെയാണ് റിജിൽ തട്ടിപ്പ് തുടങ്ങിയത്. ഏഴ് ലക്ഷം രൂപ വായ്പയെടുത്താണ് ഓഹരിവ്യാപാരം തുടങ്ങിയത്. അതിലെ നഷ്ടം നികത്താൻ ഭവന വായ്പയെടുത്ത് 40 ലക്ഷം രൂപ കൂടി നിക്ഷേപിച്ചു. ഇതും നഷ്ടത്തിൽ കലാശിച്ചതോടെ കോർപറേഷനിലെ അക്കൗണ്ടിൽ നിന്ന് പണം തിരിമറി നടത്തിയെന്നാണ് റിജിലിന്റെ മൊഴി. പത്തു മുതൽ 20 ലക്ഷം രൂപ വരെ ഓൺലൈൻ റമ്മി കളിക്കും ഉപയോഗിച്ചു.


Full View

CBI has taken over the Kozhikode Punjab National Bank fraud case.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News