കേരളത്തിന് ആശ്വാസം: 6,000 കോടി രൂപ കൂടി കടമെടുക്കാൻ കേന്ദ്ര അനുമതി
ട്രഷറിയിലെ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായി


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് 6000 കോടി രൂപയുടെ അധികവായ്പയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി. ഇതോടെ ട്രഷറിയിലെ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം ഉണ്ടാവും. വൈദ്യുതി പരിഷ്കരണം നടത്തിയ വകയിലാണ് അധികവായ്പ.
സാമ്പത്തിക വർഷത്തിൻ്റെ അവസാനത്തിൽ കടുത്ത പണ ഞെരുക്കമാണ് ട്രഷറിയിൽ. ബില്ലുകൾ മാറുന്നതടക്കം കഴിഞ്ഞ ദിവസം പ്രതിസന്ധിയിലായി. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ ഇന്നലെ പാസാക്കിയിരുന്നില്ല. ഇതിന് ഇടയിലാണ് സര്‍ക്കാരിന് ആശ്വാസമായി ആറായിരം കോടിയുടെ അധികവായ്ക്ക് അനുമതി ലഭിച്ചത്.
വൈദ്യുതി പരിഷ്കരണം നടത്തിയതിൻ്റെ പേരിൽ അധികവായ്പ അനുവദിക്കണമെന്ന് രണ്ടാഴ്ച മുന്‍പ് തന്നെ കേരളം ആവശ്യപ്പെട്ടിരുന്നു. അനുമതി ലഭിച്ചതോടെ റിസർവ് ബാങ്കിൽ കടപത്ര ലേലം നടക്കും. അതിനാല്‍ നാളെയോടെ പണം ട്രഷറിയിലെത്തുമെന്നാണ് പ്രതീക്ഷ. ഇതോടെ സാമ്പത്തിക വര്‍ഷാവസാനത്തെ ചെലവുകള്‍ നടത്താന്‍ സര്‍ക്കാരിനാകും. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്ന വകയില്‍ 5990 കോടി രൂപയുടെ അധിക വായ്പയും ഈ മാസം കിട്ടി.