അഞ്ചാംപനി പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്രസംഘം ഇന്ന് കേരളത്തിൽ

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്

Update: 2022-11-26 03:27 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചാംപനി പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്രസംഘം ഇന്ന് കേരളത്തിൽ. രോഗികൾ കൂടുതലുള്ള മലപ്പുറം ജില്ലയിലാണ് സംഘം ഇന്ന് പരിശോധന നടത്തുക. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

കോവിഡ് കാലത്ത് അഞ്ചാംപനി വാക്സിനേഷന്‍ കുത്തനെ കുറഞ്ഞതാണ് കേരളത്തില്‍ രോഗവ്യാപനത്തിന് ഇടയാക്കിയത്. ഇതുവരെ 140 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്തില്‍ 130ഉം മലപ്പുറത്താണ്. കല്‍പ്പകഞ്ചേരി,പൂക്കോട്ടൂര്‍, തിരൂര്‍ പ്രദേശങ്ങളിലെ കുട്ടികള്‍ക്കാണ് കൂടുതലായി രോഗം ബാധിക്കുന്നത്.ഇന്ന മലപ്പുറത്തെത്തുന്ന കേന്ദ്ര സംഘം ഈ പ്രദേശങ്ങളില്‍ പരിശോധന നടത്തും.ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.ആറു മാസം മുതൽ മൂന്നു വയസ് വരെ പ്രായമുള്ള കുട്ടികളിലാണ് രോഗം കൂടുതലായും കണ്ടുവരുന്നത്.വായുവിലൂടെ പകരുന്ന രോഗം തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗം രണ്ട് ഡോസ് മീസൽസ് കുത്തിവെപ്പ് എടുക്കുക എന്നത് മാത്രമാണ്.

കേരളത്തില്‍ ഇതുവരെ അ‍ഞ്ചാംപനി മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.എങ്കിലും കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കില്‍ മരണം സംഭവിക്കാമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. പനി, ചുമ, കണ്ണ് ചുവക്കൽ, ജലദോഷം ,ദേഹമാസകലം ചുവന്ന പൊടിപ്പുകൾ എന്നിവയാണ് രോഗലക്ഷണങ്ങള്‍.കുഞ്ഞുങ്ങൾക്ക് ആദ്യ കുത്തിവെപ്പ് ഒൻപതാം മാസത്തിലും രണ്ടാം ഡോസ് പതിനാറാം മാസത്തിലും എടുക്കണം. പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക ക്യാമ്പയിന്‍ ഉടന്‍ ആരംഭിക്കും.

കേന്ദ്രസംഘം മലപ്പുറം സന്ദര്‍ശിക്കും

കേരളത്തിലെത്തുന്ന കേന്ദ്രസംഘം മലപ്പുറം ജില്ലയിൽ കൂടുതൽ രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങൾ സന്ദർശിക്കും. 130 പേർക്കാണ് ജില്ലയിൽ ഇതുവരെ അഞ്ചാം പനി സ്ഥിരീകരിച്ചത് .

ഡൽഹിയിലെ ദേശീയ രോഗ നിയന്ത്രണ കേന്ദ്രം ജോയിന്‍റ് ഡയറക്ടർ ഡോ.സൗരഭ് ഗോൽ, ഡൽഹിയിലെ ലേഡി ഹാർഡിൻ മെഡിക്കൽ കോളജ് മൈക്രോ ബയോജളിസ്റ്റ് ഡോ.വി.എസ്. രാധവ, പോണ്ടിച്ചേരിയിൽ നിന്ന് ഡോ.ഡി. ഗുണശേഖരൻ എന്നിവരങ്ങുന്ന മൂന്നംഗ സംഘമാണ് മലപ്പുറത്ത് എത്തുക. രാവിലെ 9 മണിയോടെ ജില്ല ആരൊഗ്യ വകുപ്പ് ഓഫീസിൽ എത്തുന്ന കേന്ദ്ര സംഘം ഡിഎംഒ അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തും , തുടർന്ന്‌ അഞ്ചാംപനി വ്യാപനം കൂടുതലുള്ള സ്ഥലങ്ങളും സംഘം സന്ദർശിച്ചേക്കും. ചെന്നൈയിൽ നിന്ന് ലോകാരോഗ്യ സംഘടന സംഘം രോഗ ബാധ കൂടുതൽ സ്ഥിരീകരിച്ച കൽപകഞ്ചേരിയിൽ വീടുകളിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു.ഇതിന് പിന്നാലെയാണ് കേന്ദ്ര സംഘം ജില്ലയിലെത്തുന്നത് .

ഇതുവരെ 160 ഓളം പേർക്കാണ് മലപ്പുറം ജില്ലയിൽ അഞ്ചാം പനി സ്ഥിരീകരിച്ചത് .മലപ്പുറം നഗരസഭ പരിധി , കൽപകഞ്ചേരി , പൂക്കോട്ടൂർ പഞ്ചായത്തുകളിലാണ് രോഗബാധ കൂടുതലുള്ളത് . നിലവിൽ രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുത്തിവെപ്പ് ആരംഭിച്ചിട്ടുണ്ട് . കുത്തി വെപ്പിനോട് ജനങ്ങൾ സഹകരിക്കണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു . രോഗ ലക്ഷണങ്ങൾ ഉള്ളവർ ഉടൻ തന്നെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ചികിൽസ തേടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News