ആശ്വാസം ചോദിച്ചപ്പോൾ ശ്വാസംമുട്ടിച്ച് കേന്ദ്രം; പ്രളയം മുതൽ മുണ്ടക്കൈ വരെ എയര്‍ലിഫ്റ്റിന് ചെലവായ തുക കേരളം ‌തിരിച്ചടയ്ക്കണം

പണം അടിയന്തരമായി തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് നൽകിയ കത്ത് പുറത്തുവന്നു.

Update: 2024-12-13 15:07 GMT
Advertising

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ദുരന്തത്തിൽ സഹായമുണ്ടാവാത്തതിലും അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാത്തതിലും വിമർശനവും പ്രതിഷേധവും ശക്തമായിരിക്കെ കേരളത്തിന്റെ കഴുത്തിന് പിടിച്ച് ശ്വാസംമുട്ടിച്ച് കേന്ദ്രം.‌ ദുരന്തങ്ങളിൽ എയര്‍ലിഫ്റ്റിന് ചെലവായ തുക കേരളം ‌തിരിച്ചടയ്ക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. 2019ലെ പ്രളയം മുതൽ മുണ്ടക്കൈ- ചൂരൽമല ദുരന്തത്തിലെ രക്ഷാപ്രവർത്തനം വരെയുള്ളതിന്റെ തുകയാണ് അടയ്ക്കേണ്ടത്.

മുണ്ടക്കൈ ദുരന്തം നടന്ന് നാലര മാസമായിട്ടും യാതൊരു സാമ്പത്തിക സഹായവും കേരളത്തിന് കേന്ദ്രത്തിൽ നിന്ന് ഇതുവരെ ലഭിച്ചിട്ടില്ല. ഇത്തരമൊരു സാഹചര്യം നിലനിൽക്കെയാണ് രക്ഷാപ്രവർത്തനത്തിന് കൂലി ചോദിച്ച് കേന്ദ്രം രം​ഗത്തെത്തിയിരിക്കുന്നത്. 2019ലെ പ്രളയം മുതൽ മുണ്ടക്കൈ- ചൂരൽമല ദുരന്തത്തിലേതു വരെ കേരളം 132 കോടി 62 ലക്ഷം രൂപ നൽകണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. പണം അടിയന്തരമായി തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് നൽകിയ കത്ത് പുറത്തുവന്നു.

സഹായം ആവശ്യപ്പെട്ട് സർക്കാരും കേരളത്തിലെ എംപിമാരും നിവേദനം നൽകിയിട്ടും കേന്ദ്രത്തിന്റെ മനസ് അലിഞ്ഞിരുന്നില്ല. ഒക്ടോബർ മാസം നൽകിയ കത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പ്രളയകാലത്ത് അരിയുൾപ്പെടെയുള്ള കാര്യങ്ങൾക്ക് അനുവദിച്ച തുക തിരിച്ചുനൽകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇതിനു പുറമെയാണ് പുതിയ കത്ത്.

വയനാട് ദുരന്തത്തിൽ ഏകദേശം 2300ലേറെ കോടി രൂപ പുനരധിവാസത്തിന് വേണമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. അടിയന്തരസഹായം ആവശ്യപ്പെട്ട കേരളം, ദുരന്തത്തെ എൽ3 പട്ടികയിൽ ഉൾപ്പെടുത്തണമെന്നും അഭ്യർഥിച്ചിരുന്നു. ലോക്‌സഭയിലടക്കം ഇക്കാര്യത്തിൽ പ്രതിപക്ഷ എംപിമാരിൽനിന്ന് പ്രതിഷേധവും ഉയർന്നിരുന്നു. എന്നാൽ അതൊന്നും കണക്കിലെടുക്കാതെ അങ്ങോട്ട് പണം ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്ര സർക്കാർ.


Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News