'കേന്ദ്രം സ്ത്രീകളുടെ പേരിൽ മുതലക്കണ്ണീർ ഒഴുക്കുകയാണ്': പി.കെ ശ്രീമതി
ഗുസ്തി താരങ്ങളുടെ ആവശ്യം ആനുകൂല്യമല്ല നീതിയാണെന്ന് മുൻ മന്ത്രി പി.കെ. ശ്രീമതി
ഡൽഹി: ഗുസ്തി താരങ്ങളുടെ ആവശ്യം ആനുകൂല്യമല്ല നീതിയാണെന്ന് മുൻ മന്ത്രി പി.കെ. ശ്രീമതി. ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന സമരം ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമാണെന്നും കേന്ദ്രം സ്ത്രീകളുടെ പേരിൽ മുതല കണ്ണീർ ഒഴുക്കുകയാണെന്നും ശ്രീമതി പറഞ്ഞു.
'രാജ്യം ഭരിക്കുന്ന ഗവൺമെന്റ് സ്ത്രീ ശക്തിയെ കുറിച്ച് മുഴുവൻ സമയവും സംസാരിക്കുന്നു. എന്നാൽ ഇതൊക്കെ പൊള്ളയായ വാദങ്ങൾ ആണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ഒപ്പ് ശേഖരിച്ച് പ്രധാന മന്ത്രിക്ക് കത്ത് നൽകും'- പി.കെ ശ്രീമതി.
സ്മൃതി ഇറാനി കേരളത്തിൽ പോയി കേരളത്തെ വിമർശിക്കുന്നുണ്ട് എന്നാൽ ആദ്യം മുക്കിന് താഴെ നടക്കുന്ന സമരത്തിലാണ് പ്രതികരിക്കേണ്ടതെന്നും ശ്രീമതി പറഞ്ഞു. സ്ത്രീകളെ അപമാനിക്കുന്ന ഗവൺമന്റാണ് നമുക്കുള്ളതെന്നും മോദി സർക്കാർ സ്ത്രീ വിരുദ്ധ സർക്കാർ കാമ്പയിൻ ആരംഭിക്കുമെന്നും ശ്രീമതി കൂട്ടിച്ചേർത്തു.
ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരെ ഗുസ്തി താരങ്ങൾ നടത്തുന്ന സമരം ഒരു മാസം പിന്നിട്ടു. ഇന്ന് ഇന്ത്യാ ഗേറ്റിനു മുൻപിൽ മെഴുകുതിരി കത്തിച്ച് താരങ്ങൾ പ്രതിഷേധിക്കും. ഒരാഴ്ചയ്ക്കുള്ളിൽ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പുതിയ പാർലമെന്റ് മന്ദിരം വനിതകൾ വളയും.
കഴിഞ്ഞ മാസം 23നാണ് ഗുസ്തി താരങ്ങൾ സമരം പുനരാരംഭിച്ചത്. സമരം ഒരു മാസം തികയുമ്പോഴും ബ്രിജ് ഭൂഷണിനെതിരെ നടപടിയെടുക്കാന്‍ ഡൽഹി പൊലീസ് തയാറായിട്ടില്ല. സമരം ശക്തമാക്കി മുന്നോട്ടുപോകാനാണ് താരങ്ങളുടെ തീരുമാനം. പ്രതിപക്ഷ പാര്‍ട്ടികളുടെയും വിവിധ സാമൂഹിക സംഘടനകളുടെയും കർഷകരുടെയും പൂർണപിന്തുണ ഗുസ്തി താരങ്ങള്‍ക്കുണ്ട്.
ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസിന് ഈ മാസം 27 വരെയാണ് ഗുസ്തിതാരങ്ങൾ സമയം അനുവദിച്ചിരിക്കുന്നത്. അറസ്റ്റ് ചെയ്തില്ലെങ്കിൽ ഉദ്ഘാടന ദിവസം തന്നെ പുതിയ പാർലമെന്‍റ് വളപ്പിൽ വനിതാ മഹാ പഞ്ചായത്ത് നടത്തുമെന്ന് കർഷക സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് ഇന്ത്യാ ഗേറ്റിനു മുൻപിൽ നടക്കുന്ന മെഴുകുതിരി കത്തിച്ച് പ്രതിഷേധത്തില്‍ ഭാഗമാകാന്‍ പൊതുജനങ്ങളോടും താരങ്ങൾ അഭ്യർഥിച്ചിട്ടുണ്ട്.
അതേസമയം, താരങ്ങളുടെ സമരത്തിന് കർഷകപിന്തുണ വർധിക്കുന്നത് ബി.ജെ.പിയെയും കേന്ദ്രസർക്കാരിനെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. എന്നാൽ, ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്താൽ ഉത്തർപ്രദേശിൽ ബി.ജെ.പിക്ക് വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലുമുണ്ട്.