'രഞ്ജിത്താര് ആറാം തമ്പുരാനോ? കാണിക്കുന്നത് ബോറൻ മാടമ്പിത്തരം': ആഞ്ഞടിച്ച് അക്കാദമി അംഗങ്ങൾ
ഒന്നുകിൽ രഞ്ജിത്ത് തിരുത്തണം അല്ലെങ്കിൽ പുറത്താക്കണമെന്നും അംഗങ്ങൾ വ്യക്തമാക്കി.
തിരുവനന്തപുരം: സ്വയം തിരുത്താൻ തയ്യാറായില്ലെങ്കിൽ ചലച്ചിത്ര ആക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്തിനെ മാറ്റണമെന്ന് സമാന്തരയോഗം ചേർന്ന അക്കാദമി അംഗങ്ങൾ. ചെയർമാൻ അക്കാദമിക്കും സർക്കാരിനും അപമാനം ഉണ്ടാക്കുന്നു. എക്സിക്യൂട്ടീവിലേക്ക് ആരെ തെരഞ്ഞെടുക്കണം തീരുമാനിക്കേണ്ടത് ചെയർമാനല്ല. രഞ്ജിത്തിന്‍റേത് മാടമ്പിത്തരമാണെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി.
മുണ്ടിന്റെ കോന്തലയും പിടിച്ച് ആറാംതമ്പുരാനായി നടക്കുന്നത് കൊണ്ടാണ് ഫിലിം ഫെസ്റ്റിവൽ ഭംഗിയായി നടക്കുന്നതെന്നാണ് രഞ്ജിത്തിന്റെ വിചാരം. അക്കാദമിക്കോ ചെയർമാനോ തങ്ങൾ എതിരല്ല പക്ഷേ രഞ്ജിത്ത് കാണിക്കുന്ന ബോറൻ മാടമ്പിത്തരത്തിനാണ് തങ്ങൾ എതിരുനിൽക്കുന്നതെന്ന് അംഗങ്ങൾ പറഞ്ഞു.
തങ്ങൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതടക്കമുള്ള കാര്യങ്ങളിൽ ഒരു അനുകൂല നിലപാടും രഞ്ജിത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് മനോജ് കാന അടക്കമുള്ള അക്കാദമി അംഗങ്ങൾ പറഞ്ഞു. രഞ്ജിത്ത് നടത്തിയ വാർത്താ സമ്മേളനത്തിനെതിരെയും അംഗങ്ങൾ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. വാർത്താസമ്മേളനം നടത്തുന്ന വിവരം അവിടെ ഉണ്ടായിരുന്ന ഞങ്ങളെ അറിയിച്ചിട്ടില്ല. ഈ രീതിയിലുള്ള ധിക്കാരവും കള്ളത്തരവും അക്കാദമിക്ക് ഭൂഷണമല്ല. ഒന്നുകിൽ അദ്ദേഹം തിരുത്തണം അല്ലെങ്കിൽ പുറത്താക്കണമെന്നും അംഗങ്ങൾ വ്യക്തമാക്കി.
അക്കാദമി സുഗമമായി മുന്നോട്ട് പോകാൻ വേണ്ടിയാണെന്നും ഇനിയൊരു വിട്ടുവീഴ്ചയുമില്ലെന്നും അംഗങ്ങൾ പറഞ്ഞു. കൗൺസിലിലേക്ക് ആളെ എടുക്കുന്നത് ചെയർമാൻ ഒറ്റക്കല്ല തീരുമാനിക്കേണ്ടത്. കുക്കു പരമേശ്വരൻ എന്ന അംഗം നേരിട്ട പ്രശ്നം കൃത്യമായി അക്കാദമിയെ അറിയിച്ചതാണ്. അപ്പോൾ ചെയർമാൻ അവരെ വിളിച്ച് ഏകപക്ഷീയമായി പറയുകയാണ് നിങ്ങളുടെ സേവനം ഇനി ആവശ്യമില്ല, നിർത്തി പൊയ്ക്കോ എന്ന്. അദ്ദേഹത്തിന്റെ വീട്ടിലെ ജോലിക്കാരൊന്നുമല്ലല്ലോ. ചെയർമാനെ പോലെ തന്നെ അവരേയും സർക്കാർ നോമിനേറ്റ് ചെയ്തതാണ്. ചെയർമാന്റെ നടപടികളിൽ എല്ലാ അംഗങ്ങൾക്കും എതിർപ്പുണ്ട്. പറയാൻ മടിയാണെന്നേയുള്ളൂ. ഇത് വരിക്കാശ്ശേരി മനയൊന്നുമല്ല, ചലച്ചിത്ര അക്കാദമിയാണ്.
അക്കാദമിയുടെ 15 അംഗങ്ങളിൽ ഒൻപത് പേരാണ് സമാന്തര യോഗത്തിൽ പങ്കെടുത്തത്. തുടരേണ്ടെന്ന് സർക്കാർ പറഞ്ഞാൽ ഇറങ്ങിപ്പോകുമെന്നായിരുന്നു കഴിഞ്ഞ ദിവസം രഞ്ജിത്തിന്റെ പ്രതികരണം. മറ്റാരും പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, രഞ്ജിത്തിനെതിരായ പ്രതിഷേധങ്ങളിൽ കാര്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. സ്വാഭാവികമായി പരിഹരിക്കാൻ കഴിയുന്ന പ്രശ്നങ്ങളാണ് നിലവിലുള്ളതെന്നായിരുന്നു ഗോവിന്ദന്റെ പ്രതികരണം. a