അരിക്കൊമ്പനെ പറമ്പിക്കുളത്ത് തുറന്ന് വിടരുതെന്ന് നെൻമാറ എം.എല്‍.എ കെ. ബാബു
മുതലമട പഞ്ചായത്തിൽ ഈ മാസം 11ന് ജനകീയ ഹർത്താലിന് ആഹ്വാനം ചെയ്തു. ഇന്നലെ കൊല്ലങ്കോട് ചേർന്ന സർവകക്ഷി യോഗത്തിന്റേതാണ് തീരുമാനം
തൃശ്ശൂര്‍: അരിക്കൊമ്പനെ പറമ്പിക്കുളത്ത് തുറന്ന് വിടരുതെന്ന് നെൻമാറ എം.എൽ.എ കെ. ബാബു. 'പറമ്പിക്കുളം വന മേഖലയോട് ചേർന്ന് കിടക്കുന്ന അതിരപ്പിള്ളി പഞ്ചായത്തിൽ ആന എത്തുമെന്ന് ആശങ്കയുണ്ട്. ആനയെ തുറന്ന് വിടാൻ ഉദ്ദേശിക്കുന്ന മുതിരച്ചാലിൽ നിന്ന് 10 കിലോമീറ്റർ മാറിയാൽ അതിരപ്പിള്ളി നിയോജക മണ്ഡലമാണ്. വിദഗ്ധ പഠനം നടത്താതെയുള്ള തീരുമാനം പിൻവലിക്കണം. ഇല്ലെങ്കിൽ ജനകീയ പ്രതിരോധം തീർക്കും. ആദിവാസി മേഖലയിൽ വലിയ ഭീതിയാണുള്ളത്'. കെ. ബാബു പറഞ്ഞു.
അതേസയം അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങിയിരിക്കുകയാണ് പ്രദേശവാസികൾ. മുതലമട പഞ്ചായത്തിൽ ഈ മാസം 11ന് ജനകീയ ഹർത്താലിന് ആഹ്വാനം ചെയ്തു. ഇന്നലെ കൊല്ലങ്കോട് ചേർന്ന സർവകക്ഷി യോഗത്തിന്റേതാണ് തീരുമാനം. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.
ഈസ്റ്ററിന് ശേഷം അരിക്കൊമ്പനെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിക്കാനിരിക്കെ ഇടുക്കി ചിന്നക്കനാലിലും ശാന്തൻപാറയിലും കാട്ടാനയുടെ ആക്രമണം തുടരുകയാണ്. ഇന്നലെ 301 കോളനിയിലെ ഒരു വീട് കൊമ്പൻ തകർത്തു . ആക്രമണം തുടരുമ്പോഴും പിടികൂടി പറമ്പിക്കുളത്തേക്ക് കൊണ്ടുപോകുന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. വിഷയത്തിൽ തീരുമാനമെടുക്കാൻ വിവിധ വകുപ്പുകൾ തിങ്കളാഴ്ച യോഗം ചേരും.