സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്നലെ ശക്തമായ മഴയാണ് ലഭിച്ചത്

Update: 2024-10-24 01:15 GMT
Editor : rishad | By : Web Desk
Advertising

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മുൻകരുതലിന്റെ ഭാഗമായി അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ ആണ് ഇന്ന് മുന്നറിയിപ്പ് ഉള്ളത്. അതിനിടെ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും കോമറിൻ മേഖലക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി കേരളത്തിൽ മഴ തുടരും.

തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്നലെ ശക്തമായ മഴയാണ് ലഭിച്ചത്. വാമനപുരം നദിയിലെ ജലനിരപ്പ് ഉയർന്നതോടെ തിരുവനന്തപുരം വിതുര പൊന്നാം ചുണ്ട് പാലത്തിൽ വെള്ളം കയറി. എറണാകുളം കളമശേരിയിലെ വീടുകളിലും വെള്ളം കയറി. വിതുര ബോണക്കാട് റോഡിൽ മണ്ണിടിഞ്ഞ് വീണും വെഞ്ഞാറമൂട് മരം കടപുഴകി വീണും അപകടങ്ങൾ ഉണ്ടായി. 

ഇടുക്കിയിലും കൊല്ലത്തും മലയോര മേഖലകളില്‍ ഇന്നലെ ശക്തമായ മഴ പെയ്തു. ഇടുക്കിയില്‍ തൊഴിലുറപ്പ് തൊഴിലാളി ഒഴുക്കില്‍പെട്ട് മരിച്ചു. ഇടുക്കി വണ്ണപ്പുറത്തിനടുത്ത് ചീങ്കല്‍ സിറ്റിയില്‍ രണ്ടുപേരാണ് ഒഴുക്കില്‍പ്പെട്ടത്. ഇതിലൊരാളെ രക്ഷപ്പെടുത്തിയെങ്കിലും ഒരാള്‍ മരിക്കുകയായിരുന്നു.

വണ്ണപ്പുറം സ്വദേശികളായ ദിവാകരന്‍, ഭാര്യ ഓമന എന്നിവരാണ് തോട്ടില്‍ അകപ്പെട്ടത്. ഏറെ നേരം നീണ്ടുനിന്ന തെരച്ചിലിനൊടുവില്‍ ഭാര്യ ഓമനയുടെ മൃതദേഹം കണ്ടെത്തി. അപകടത്തില്‍ പെട്ട രണ്ടുപേരും തൊഴിലുറപ്പ് തൊഴിലാളികളാണ്. ശക്തമായ മഴയിൽ തോട്ടിലെ വെള്ളം പെട്ടെന്ന് ഉയരുകയായിരുന്നു. കോട്ടപ്പാറ ഭാഗത്ത് മലവെള്ളപ്പാച്ചിൽ ഉണ്ടായതെന്നാണ് സംശയം.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News