പിതാവിന്റെ കബറിടത്തിൽ മുട്ടുകുത്തി, വിതുമ്പി ചാണ്ടി ഉമ്മൻ

നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പമാണ് ചാണ്ടി ഉമ്മനെത്തിയത്.

Update: 2023-09-08 05:57 GMT
Editor : abs | By : Web Desk
Advertising

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പിതാവ് ഉമ്മൻ ചാണ്ടിയുടെ കബറിടത്തിലെത്തി യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. കല്ലറയിൽ മുട്ടുകുത്തി ചുംബിച്ച അദ്ദേഹം വിതുമ്പിക്കരഞ്ഞു. നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പമാണ് ചാണ്ടി ഉമ്മനെത്തിയത്.

മാധ്യമങ്ങളോട് സംസാരിക്കാനും അദ്ദേഹം തയ്യാറായില്ല. പിന്നീട് വിശദമായി സംസാരിക്കാമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. വോട്ടെണ്ണൽ അന്ത്യത്തിലേക്ക് കടക്കുമ്പോൾ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം നാൽപ്പതിനായിരം കടക്കുമെന്നാണ് സൂചന. എല്ലാ റൗണ്ടിലും ലീഡെടുത്താണ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ തേരോട്ടം. 

അതിനിടെ, 53 കൊല്ലം ഉമ്മൻചാണ്ടി ഉള്ളംകൈയിൽ വച്ച് നോക്കിയ പുതുപ്പള്ളി ഇനി ചാണ്ടി ഉമ്മന്റെ കൈയിൽ ഭദ്രമാണെന്ന് സഹോദരി അച്ചു ഉമ്മൻ പ്രതികരിച്ചു.  ഇത് സമാനതകളില്ലാത്ത വിജയമാണെന്നും ഇടതുമുന്നണിയുടെ മുഖത്തേറ്റ പ്രഹരമാണ് എന്നും അവർ പറഞ്ഞു.

'ഉമ്മൻചാണ്ടിക്ക് നൽകിയ യാത്രാമൊഴി നമ്മളെല്ലാം കണ്ടതാണ്. അതിലും വലിയ ബഹുമതിയാണ് പുതുപ്പള്ളി ഇന്ന് ഉമ്മൻചാണ്ടിക്ക് നൽകിയിരിക്കുന്നത്. ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തെ മൃഗീയമായി വേട്ടയാടി. മരിച്ചതിന് ശേഷവും അതിക്രൂരമായി വേട്ടയാടി. അവരുടെ മുഖത്തുള്ള കനത്ത പ്രഹരമാണ് ഈ ഫലം. വിജയത്തിന്റെ ഇടിമുഴക്കമാണ് നമ്മൾ ഇന്നു കേട്ടുകൊണ്ടിരിക്കുന്നത്. നിങ്ങൾ ഇവിടെ വന്നപ്പോൾ തൊട്ട് ആവർത്തിച്ചു ചോദിച്ച ഒരു ചോദ്യമുണ്ട്. 53 കൊല്ലം ഉമ്മൻചാണ്ടി ഇവിടെ എന്തു ചെയ്തുവെന്ന്. അതിന് പുതുപ്പള്ളി മറുപടി നൽകി. 53 കൊല്ലം ഉമ്മൻചാണ്ടി ചെയ്തതൊക്കെ ഇവിടെ മതിയെന്ന്. 53 കൊല്ലം ഉമ്മൻചാണ്ടി ഉള്ളംകൈയിൽ വച്ച് നോക്കിയ പുതുപ്പള്ളി ഇനി ചാണ്ടി ഉമ്മന്റെ കൈയിൽ ഭദ്രമാണ്. സമാനതകളില്ലാത്ത വിജയമാണ് പുതുപ്പള്ളി സമ്മാനിച്ചിരിക്കുന്നത്.' - അച്ചു ഉമ്മൻ കൂട്ടിച്ചേര്‍ത്തു. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News