'സൗദിയിൽ രഹസ്യയോഗങ്ങള്‍ വിളിച്ചുകൂട്ടി സമാന്തര സംഘടനയുണ്ടാക്കി'; ഹമീദ് ഫൈസിക്കെതിരെ സമസ്ത മുശാവറയ്ക്ക് പരാതി
ഉമർ ഫൈസി മുക്കത്തിനും സുപ്രഭാതം പത്രത്തിനുമെതിരായ പരാതികൾ ഉൾപ്പെടെ ചർച്ച ചെയ്യാനായി സമസ്ത മുശാവറ ഇന്ന് കോഴിക്കോട്ട് ചേരുന്നുണ്ട്
കോഴിക്കോട്: ഹമീദ് ഫൈസി അമ്പലക്കടവിനെതിരെ നടപടി ആവശ്യപ്പെട്ട് സമസ്ത മുശാവറക്ക് പരാതി. സൗദിയിൽ സമാന്തര സംഘടനയുണ്ടാക്കിയെന്നാണു പരാതി. സൗദി കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രവാസി സംഘടനയായ സമസ്ത ഇസ്‌ലാമിക് സെന്ററാണ്(എസ്‌ഐസി) മുശാവറയ്ക്കു കത്തുനൽകിയത്.
സൗദിയിലെത്തി എസ്‌ഐസി അറിയാതെ രഹസ്യയോഗങ്ങൾ വിളിച്ചുകൂട്ടിയെന്നു പരാതിയിൽ പറയുന്നു. സമാന്തരമായി ഗ്രൂപ്പുകൾ ഉണ്ടാക്കിയെന്നും ആരോപണമുണ്ട്. ഇതിൽ നടപടി ആവശ്യപ്പെട്ടിരിക്കുകയാണു സംഘടനാ ഭാരവാഹികൾ.
അതേസമയം, തർക്കവിഷയങ്ങൾ ചർച്ച ചെയ്യാൻ സമസ്ത മുശാവറ ഇന്ന് കോഴിക്കോട്ട് ചേരുന്നുണ്ട്. ഉമർ ഫൈസി മുക്കത്തിനും സുപ്രഭാതം പത്രത്തിനുമെതിരായ പരാതികൾ ഉൾപ്പെടെ മുശാവറ ചർച്ച ചെയ്യും. സമസ്ത ആദർശ സംരക്ഷണ സമിതി രൂപീകരിച്ചവർക്കെതിരായ പരാതിയും പണ്ഡിതസഭയുടെ മുന്നിലുണ്ട്. ലീഗ് അനുകൂലികളുടെയും വിരുദ്ധരുടെയും പരാതികൾ പരിഗണിച്ച് ഇരുവിഭാഗത്തെയും ഉൾക്കൊള്ളുന്ന നടപടിയിലേക്ക് നേതൃത്വം പോകുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.
Summary: Complaint to Samastha Mushavara seeking action against Hameed Faizy Ambalakadavu, alleging that he created a parallel organization in Saudi Arabia