വില്ല നിർമിച്ച് നൽകാമെന്ന് പറഞ്ഞ് പണം കൈപ്പറ്റി; ശ്രീശാന്തിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്‌

കൊല്ലൂരിൽ വില്ല നിർമിച്ചുനൽകാമെന്ന് പറഞ്ഞ് 18 ലക്ഷം തട്ടിയെടുത്തെന്നാണ് പരാതി. കണ്ണൂർ കണ്ണപുരം സ്വദേശി സരീഗ് ബാലഗോപാലാണ് പരാതിക്കാരൻ

Update: 2023-11-23 06:29 GMT
Editor : rishad | By : Web Desk
Advertising

കണ്ണൂര്‍: ക്രിക്കറ്റ് താരം ശ്രീശാന്തിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. കൊല്ലൂരിൽ വില്ല നിർമിച്ചുനൽകാമെന്ന് പറഞ്ഞ് 18 ലക്ഷം തട്ടിയെടുത്തെന്നാണ് പരാതി. കണ്ണൂർ കണ്ണപുരം സ്വദേശി സരീഗ് ബാലഗോപാലാണ് പരാതിക്കാരൻ.

ബാലഗോപാലിന്റെ പരാതിയിൽ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ടത്. തൊട്ടുപിന്നാലെ കണ്ണൂർ ടൗൺപൊലീസ് കേസ് എടുത്തു.

2019ലാണ് പരാതിക്ക് ആസ്പദമായ സംഭവം നടക്കുന്നത്. കണ്ണൂര്‍ ചെറുകുന്ന് ചുണ്ട സ്വദേശിയായ സരീഗ് ആണ് പരാതിക്കാരൻ. ഇയാൾ 2019ൽ മൂകാംബിക ദർശനത്തിന് പോയപ്പോൾ രാജീവ് കുമാർ, വെങ്കിടേഷ് എന്നീ ഉഡുപ്പി സ്വദേശികളായ രണ്ട് പേരെ പരിചയപ്പെടുന്നു. ഇതിൽ വെങ്കിടേഷിന്റെ ഉടമസ്ഥതയിൽ അഞ്ച് സെന്റ് സ്ഥലം മൂകാംബികയിൽ ഉണ്ടെന്നും അവിടെ വില്ല നിര്‍മിച്ച് നൽകാമെന്ന് പറഞ്ഞ് 18,70,000 അഡ്വാൻസായി വാങ്ങിയെന്നാണ് പരാതിയിൽ പറയുന്നത്.

അതിന് ശേഷം തുടർനടപടികളൊന്നും ഉണ്ടായില്ല. വെങ്കിടേഷിനെ ബന്ധപ്പെട്ടപ്പോൾ സമീപത്ത് ക്രിക്കറ്റ് താരം ശ്രീശാന്തിനും സ്ഥലമുണ്ടെന്നും പറഞ്ഞു. പിന്നാലെ ശ്രീശാന്ത് പരാതിക്കാരനെ കാണുകയും സംസാരിക്കുകയും ചെയ്തു. ക്രിക്കറ്റുമായി ബന്ധപ്പെട്ട് അവിടെ ഒരു പ്രൊജക്ട് ഉദ്ദേശിക്കുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് സ്ഥലത്ത് വില്ല നിർമിച്ചുനൽകാമെന്ന് ശ്രീശാന്തും വാഗ്ദാനം ചെയ്തു. പിന്നീട് ശ്രീശാന്ത് ഈ വാഗ്ദാനത്തിൽ നിന്ന് പിന്നോട്ട് പോയി. പണം തിരികെ നൽകിയതുമില്ല.

പിന്നാലെയാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജീവ്കുമാര്‍, വെങ്കിടേഷ് എന്നിവർക്കൊപ്പം ശ്രീശാന്തിനെക്കൂടി പ്രതിചേർത്ത് കേസെടുക്കാൻ കോടതി നിർദേശിച്ചത്. 

Watch Video Report

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News