ലാഭവിഹിതം നല്‍കിയില്ല; ആര്‍ഡിഎക്സ് സിനിമാ നിര്‍മാതാക്കള്‍ വഞ്ചിച്ചെന്ന് പരാതി

തൃപ്പൂണിത്തുറ സ്വദേശിനി അഞ്ജന അബ്രഹാമിന്‍റെതാണ് പരാതി

Update: 2024-07-02 04:59 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊച്ചി: മഞ്ഞുമ്മൽ ബോയ്സിന് പിന്നാലെ ആർ.ഡി.എക്സ് സിനിമ നിർമാതാക്കൾക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി. വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്നാണ് തൃപ്പൂണിത്തുറ സ്വദേശിനി അഞ്ജന അബ്രഹാമിന്‍റെ പരാതി.

ആര്‍ഡിഎക്സ് സിനിമ നിർമാതാക്കളായ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെയാണ് പരാതി. സിനിമക്കായി 6 കോടി രൂപ നൽകിയെന്ന് പരാതിക്കാരി പറയുന്നു. 30 ശതമാനം ലാഭവിഹിതമായിരുന്നു വാഗ്ദാനം. സിനിമ 100 കോടിയിലേറെ രൂപ വരുമാനം നേടിയിട്ടും വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്നും പരാതിയിൽ പറയുന്നു. 

നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രമാണ് ആര്‍ഡിഎക്സ്. ഷെയ്ൻ നിഗം, ആൻ്റണി വർഗീസ്, നീരജ് മാധവ് എന്നിവർക്കൊപ്പം ബാബു ആൻ്റണി, ലാൽ, മഹിമ നമ്പ്യാർ, ഐമ റോസ്മി സെബാസ്റ്റ്യൻ, മാലാ പാർവതി, ബൈജു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

ആക്ഷൻ ത്രില്ലർ ഗണത്തില്‍ പെടുന്ന ചിത്രം മികച്ച വിജയമായിരുന്നു. ഒരു പള്ളിപ്പെരുന്നാളിന് ഉണ്ടാവുന്ന പ്രശ്‌നങ്ങളും അതേ തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. കൊച്ചിയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പൊടിപാറുന്ന ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരാണ് ചിത്രത്തിന്‍റെ തിരക്കഥ നിര്‍വഹിച്ചത്.

അതേസമയം മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മാതാക്കള്‍ ഇ.ഡിയുടെ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്. സിനിമയ്ക്ക് വേണ്ടി ഏഴ് കോടി രൂപ മുടക്കിയയാൾക്ക് പണം തിരികെ നൽകിയില്ലെന്ന പരാതിയിലാണ് അന്വേഷണം. നിർമ്മാതാവ് ഷോൺ ആന്‍റണിയെയും നടന്‍ സൗബിന്‍ ഷാഹിറിനെയും ഇ.ഡി ചോദ്യം ചെയ്തിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസിൽ സിനിമ നിർമാതാക്കൾക്കെതിരെ ഹൈക്കോടതിയിൽ പൊലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നിർമാതാക്കൾ നടത്തിയത് മുൻധാരണ പ്രകാരമുള്ള ചതിയെന്നാണ് റിപ്പോര്‍ട്ടില്‍ കാണിച്ചത്. ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചു. 22 കോടി രൂപ സിനിമക്കായി ചെലവായെന്ന നിർമാതാക്കളുടെ വാദം കള്ളമാണ്. 18.65 കോടി രൂപ മാത്രമാണ് നിർമാണ ചെലവ്. സിനിമക്കായി നിർമാതാക്കൾ ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാങ്ങിയ പണത്തിന്‍റെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നൽകിയിട്ടില്ല. ചതിക്കാൻ മുൻകൂട്ടി പദ്ധതി ഉണ്ടായിരുന്നു എന്നാണ് ഇതിനർത്ഥം എന്നും റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

നിര്‍മാതാക്കള്‍ക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. ഷോണ്‍ ആന്‍റണി, സൗബിൻ ഷാഹിർ,ബാബു ഷാഹിർ എന്നിവർക്കെതിരെയാണ് മരട് പൊലീസ് കേസെടുത്തത്. സിനിമയ്ക്കായി ഏഴ് കോടി മുടക്കി ലാഭ വിഹിതം വാഗ്ദാനം ചെയ്ത് പറ്റിച്ചെന്നാണ് കേസ്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News