ചതിക്ക് ചതിയേ പരിഹാരമുള്ളൂ, ആ സിദ്ധൗഷധം ലീഗ് അണികൾ പ്രയോഗിച്ചാൽ കോൺഗ്രസ് എക്കാലവും കൈകൂപ്പി നിൽക്കും- കെ.ടി. ജലീൽ

‘കണ്ണൂർ ജില്ലയിലെ അഴീക്കോട്ടും ലീഗിനെ ചതിച്ച് കോൺഗ്രസ് അവരുടെ തനിനിറം കാട്ടി’

Update: 2024-02-28 15:02 GMT
Advertising

കോഴിക്കോട്: നേതൃത്വം അണികളുടെ ആത്മവിശ്വാസം തകർത്ത് കോൺഗ്രസിന് മുന്നിൽ അടിയറവ് പറഞ്ഞ് നിൽക്കുമ്പോൾ ലീഗിന്റെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കാൻ സാധാരണക്കാരായ ലീഗ് പ്രവർത്തകർക്ക് ബാധ്യതയുണ്ടെന്ന് കെ.ടി. ജലീൽ എം.എൽ.എ. ചതിക്ക് ചതിയേ പരിഹാരമുള്ളൂ. ഒരു തെരഞ്ഞെടുപ്പിൽ ആ "സിദ്ധൗഷധം" ലീഗണികൾ പ്രയോഗിച്ചാൽ 'ചത്തകുതിര'യുടെ മുന്നിൽ കോൺഗ്രസ് എക്കാലവും കൈകൂപ്പി നിൽക്കുമെന്നും കെ.ടി. ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ലീഗിനെ ഒരു മലപ്പുറം പാർട്ടിയാക്കി ഒതുക്കാനാണ് കോൺഗ്രസ് എന്നും ശ്രമിച്ചത്. പാർലമെന്റിലേക്ക് മൂന്ന് സീറ്റെന്ന ലീഗിന്റെ തീർത്തും ന്യായമായ ആവശ്യം നിർദാക്ഷിണ്യം കോൺഗ്രസ് തള്ളി. അഞ്ചാംമന്ത്രി വിവാദം പോലെ ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യം സാമുദായിക സന്തുലിതത്വത്തിന്റെ നിറം നൽകി വിവാദമാക്കിയാണ് കോൺഗ്രസ് അട്ടിമറിച്ചതെന്നും കെ.ടി. ജലീൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ലീഗിന്റെ "കള്ളനും പോലീസും" കളി!!!

ഒരുകാലത്ത് കേരളത്തിൽ മുഴുവൻ പടർന്ന് പന്തലിച്ച പാർട്ടിയായിരുന്നു മുസ്ലിംലീഗ്. തിരുവനന്തപുരം വെസ്റ്റ് അസംബ്ലി മണ്ഡലത്തിൽ നിന്ന് ജയിച്ചാണ് മുഹമ്മദ് കണ്ണ് ഏറെക്കാലം ലീഗ് എം.എൽ.എ ആയത്. മണ്ഡലം മാറിയപ്പോൾ കോൺഗ്രസ്സ് ലീഗിന് കഴക്കൂട്ടം കൊടുത്തു. കൂടെ ഒരു റിബലിനെയും കോൺഗ്രസ്സ് സമ്മാനിച്ചു. അങ്ങിനെ യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായി മൽസരിച്ച ലീഗിന്റെ എം.എ നിഷാദ്, മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട് കോൺഗ്രസ്സ് റിബൽ വാഹിദ് എം.എൽ.എ ആയി. തിരുവനന്തപുരം ജില്ലയിൽ ലീഗിന്റെ എക്കൗണ്ട് അതോടെ എന്നന്നേക്കുമായി കോൺഗ്രസ്സ് പൂട്ടി. പിന്നീടിതുവരെ തലസ്ഥാനത്ത് ലീഗിനൊരു സീറ്റ് മൽസരിക്കാൻ കിട്ടിയിട്ടില്ല.

ലീഗ് നേതാവ് പി.കെ.കെ.ബാവ സാഹിബ് മൽസരിച്ച് ജയിച്ച് മന്ത്രിയായത് കൊല്ലം ജില്ലയിലെ ഇരവിപുരത്തു നിന്നാണ്. 2001-ൽ ലീഗ് നേതാവ് ടി.എ അഹമദ് കബീർ കേവലം 8 വോട്ടിന് തോറ്റ നിയോജക മണ്ഡലം. 2006-ൽ 23000 വോട്ടിന് അന്നത്തെ യൂത്ത് ലീഗ് സെക്രട്ടറി കെ.എം ഷാജിയെ തോൽപ്പിച്ചാണ് ലീഗിൽ നിന്ന് കോൺഗ്രസ് ആ സീറ്റും തട്ടിയെടുത്തത്. പിന്നെ കൊല്ലത്ത് കിട്ടിയത് 25,000 വോട്ടുകൾക്ക് യു.ഡി.എഫ് സ്ഥിരം തോൽക്കുന്ന പുനലൂരാണ്.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ കൊല്ലം ജില്ലയിലും ലീഗിന്റെ പച്ചക്കൊടി കോൺഗ്രസ്സ് അട്ടത്തേക്കിടും. എറണാങ്കുളത്ത് ലീഗിന്റെ സ്ഥിരം സീറ്റായിരുന്നു മട്ടാഞ്ചേരി. ലീഗ് നേതാവ് കെ.എം. ഹംസക്കുഞ്ഞ് ജയിച്ച് ഡെപ്യൂട്ടി സ്പീക്കറായത് അവിടെ നിന്നാണ്. മണ്ഡല പുനർനിർണ്ണയത്തിൽ മട്ടാഞ്ചേരിക്ക് പകരം ലീഗ് കളമശ്ശേരി വാങ്ങി. ഇബ്രാഹിംകുഞ്ഞ് മൽസരിച്ച് ജയിച്ചതും മന്ത്രിയായതും കളമശ്ശേരിയിൽ നിന്നാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അതും കോൺഗ്രസ് തോൽപ്പിച്ച് കയ്യിൽ കൊടുത്തു. കളമശ്ശേരിക്ക് തൊട്ടടുത്തുള്ള പറവൂരും എറണാകുളവും ആലുവയുമൊക്കെ യു.ഡി.എഫ് ജയിച്ചപ്പോൾ ലീഗ് മൽസരിച്ച കളമശ്ശേരിയിൽ മാത്രം ദയനീയമായി പരാജയപ്പെട്ടു. എറണാകുളം ജില്ലയിലും വൈകാതെ ലീഗിന് ആപ്പീസ് അടച്ചു പൂട്ടേണ്ടി വരും. തൃശൂർ ജില്ലയിലെ ഗുരുവായൂരിൽ തുടർച്ചയായി ലീഗിനെ തോൽപ്പിച്ച് സീറ്റ് സ്വന്തമാക്കാൻ കോൺഗ്രസ്സ് നടത്തുന്ന ശ്രമം കുപ്രസിദ്ധമാണ്. യു.ഡി.എഫിന്റെ കോട്ടയായ കോഴിക്കോട്ടെ തിരുവമ്പാടിയിലും കോൺഗ്രസ് കാലുവാരി ലീഗിനെ തോൽപ്പിച്ചു.

കോഴിക്കോട്‌ ജില്ലയിൽ ശക്തമായ സ്വാധീനമുള്ള ലീഗ്, കൊടുവള്ളിയിൽ മാത്രമായി ഒതുങ്ങി. കണ്ണൂർ ജില്ലയിലെ അഴീക്കോട്ടും ലീഗിനെ ചതിച്ച് കോൺഗ്രസ് അവരുടെ തനിനിറം കാട്ടി. കുറച്ചുകാലമായി ലീഗിന് സ്വന്തമായി ജയിക്കാൻ കഴിയുന്ന മണ്ഡലങ്ങളിലല്ലാതെ മുസ്ലിം ലീഗ് മറ്റെവിടെയും വിജയിച്ചിട്ടില്ല. വയനാട് ജില്ലയിൽ അടിത്തറയുള്ള പാർട്ടിയാണ് ലീഗ്. അവിടെ കൽപ്പറ്റ മണ്ഡലം ഒരിക്കൽ ലീഗ് വാങ്ങി മൽസരിച്ചു. അന്നത്തെ എം.എസ്.എഫ് പ്രസിഡന്റ് സി മമ്മൂട്ടിയായിരുന്നു സ്ഥാനാർത്ഥി. ഏറ്റവും ചുരുങ്ങിയത് പതിനായിരം വേട്ടുകൾക്ക് ജയിക്കേണ്ടിടത്ത് ഇരുപത്തയ്യായിരം വോട്ടുകൾക്ക് മമ്മൂട്ടി തോറ്റു. കോൺഗ്രസ്സ് അടിയോടെ ലീഗിനെ പിഴുതെറിഞ്ഞ് വായനാട്ടിലെ നിയമസഭാ സീറ്റും പോക്കറ്റിലാക്കി.

തദ്ദേശ തെരഞ്ഞെടുപ്പിലും ഇതേ തന്ത്രമാണ് ലീഗിനെ മൂലക്കിരുത്താൻ കോൺഗ്രസ് പയറ്റിയത്. ഒന്നെടുത്താൽ ഒന്ന് ഫ്രീ എന്ന ബിസിനസ് തന്ത്രമാണ് തൃശൂർ മുതൽക്കിങ്ങോട്ടെല്ലാം ലീഗിനെ ദുർബലമാക്കാൻ കോൺഗ്രസ്സ് പരീക്ഷിച്ചത്. തൃശൂർ, കൊല്ലം കോർപ്പറേഷനുകളിൽ ലീഗിന് നിലവിൽ പ്രാതിനിധ്യമേയില്ല. തൃശൂർ മുതൽക്കിങ്ങോട്ട് എട്ടു ജില്ലകളിൽ തദ്ദേശ സ്ഥാപനങ്ങളിലെ ലീഗ് പ്രാതിനിധ്യം വെറും എഴുപതിൽ താഴെയാണ്. ലീഗിനെ ഒരു മലപ്പുറം പാർട്ടിയാക്കി ഒതുക്കാനാണ് കോൺഗ്രസ്സ് എന്നും ശ്രമിച്ചത്.

കണ്ണൂർ കോർപ്പറേഷൻ മേയർസ്ഥാനം ഗത്യന്തരമില്ലാതെയാണ് കുറേ കുരങ്ങ് കളിപ്പിച്ചതിന് ശേഷം ലീഗിന് നൽകിയത്. മേയർ സ്ഥാനം കൊടുക്കാതിരിക്കാൻ അവസാന നിമിഷംവരെ പഠിച്ചപണി പതിനെട്ടും നോക്കി. വീട്ടിലെ അമ്മിക്കല്ല് പോലെ കോൺഗ്രസ്സ് അവരുടെ ഗ്രൂപ്പ്കത്തി മൂർച്ചകൂട്ടി തേഞ്ഞ്തേഞ്ഞ് ഇല്ലാതാകേണ്ട ഗതികേടിലാണോ മുസ്ലിംലീഗ്? അതല്ല മാന്യമായ രാഷ്ട്രീയ സഖ്യത്തിലൂടെ രാജ്യമൊട്ടുക്കും വളർന്നു പന്തലിക്കാൻ പ്രതിജ്ഞാബദ്ധമായ പാർട്ടിയാണോ ലീഗ്?

കേരളത്തിന് പുറത്ത് കോൺഗ്രസ്സിന് ശക്തിയുള്ള ഒരു സംസ്ഥാനത്തും ലീഗിനെ കൂടെക്കൂട്ടാൻ അവർ ഇക്കാലമത്രയും തയ്യാറായിട്ടില്ല. ഏറ്റവുമവസാനം പാർലമെന്റിലേക്ക് മൂന്നു സീറ്റെന്ന ലീഗിന്റെ തീർത്തും ന്യായമായ ആവശ്യം നിർദാക്ഷിണ്യം കോൺഗ്രസ് തള്ളി. അഞ്ചാംമന്ത്രി വിവാദം പോലെ ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യം സാമുദായിക സന്തുലിതത്വത്തിൻ്റെ നിറം നൽകി വിവാദമാക്കിയാണ് കോൺഗ്രസ്സ് അട്ടിമറിച്ചത്. കോൺഗ്രസ്സിന്റെ തന്ത്രം വീണ്ടും വിജയം കണ്ടു.

ജൂണിൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് ലീഗിന് നൽകുമെന്നാണത്രെ ഇപ്പോഴത്തെ ധാരണ. 2026-ൽ ഒഴിവു വരുന്ന വാഹാബ് സാഹിബിന്റെ സീറ്റ് പകരം കോൺഗ്രസ്സ് എടുക്കുമെന്നും വ്യവസ്ഥയുണ്ടത്രെ. രണ്ടു വർഷം രാജ്യസഭയിൽ രണ്ടു പ്രതിനിധികൾ എന്ന ആവശ്യം അംഗീകരിച്ചു കിട്ടാനായിരുന്നോ കാടിളക്കി അണികളെ വിഡ്ഢികളാക്കാനുള്ള ലീഗിന്റെ ഈ ''കള്ളനും പോലീസും" കളി? ഒരു പൂച്ചക്കുട്ടിപോലും അറിയാതെ കൊരമ്പയിൽ അഹമ്മദാജിയും സമദാനിയും ഒരേസമയം വർഷങ്ങളോളം രാജ്യസഭയിൽ അംഗങ്ങളായിരുന്നിട്ടുണ്ട്. ആ ചരിത്രം ലീഗ് മറന്നോ? നേതൃത്വം അണികളുടെ ആത്മവിശ്വാസം തകർത്ത് കോൺഗ്രസ്സിന് മുന്നിൽ അടിയറവ് പറഞ്ഞ് നിൽക്കുമ്പോൾ ലീഗിന്റെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കാൻ സാധാരണക്കാരായ ലീഗുപ്രവർത്തകർക്ക് ബാദ്ധ്യതയുണ്ട്. ചതിക്ക് ചതിയേ പരിഹാരമുള്ളൂ. ഒരു തെരഞ്ഞെടുപ്പിൽ ആ "സിദ്ധൗഷധം" ലീഗണികൾ പ്രയോഗിച്ചാൽ 'ചത്തകുതിര'യുടെ മുന്നിൽ കോൺഗ്രസ്സ് എക്കാലവും കൈകൂപ്പി നിൽക്കും.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News