രാജീവ് ചന്ദ്രശേഖറിനെ ജയിപ്പിക്കാൻ ഇ.പി ജയരാജൻ വോട്ട് പിടിക്കുന്നു: ചെന്നിത്തല
സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ കേരളത്തിൽ രഹസ്യ ബാന്ധവം ഉണ്ടെന്നും ചെന്നിത്തല കുറ്റപ്പെടുത്തി
തിരുവനന്തപുരം: എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരെ ആരോപണവുമായി രമേശ് ചെന്നിത്തല. ബിസിനസ് പങ്കാളിത്തമുള്ള രാജീവ് ചന്ദ്രശേഖരനെ വിജയിപ്പിക്കാൻ ഇ.പി ഇറങ്ങിയിരിക്കുന്നു.നിരാമയ റിട്രീറ്റാണ് ഇ.പിക്കും കുടുംബത്തിനും പങ്കുള്ള വൈദേഹം റിസോർട്ട് ഏറ്റെടുത്തത് . സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ കേരളത്തിൽ രഹസ്യ ബാന്ധവം ഉണ്ടെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ഇ.പി ജയരാജൻ കുറെ ദിവസമായി ബി.ജെ.പിക്ക് വേണ്ടി സംസാരിക്കുന്നു. അഞ്ച് സ്ഥാനാർഥികൾ മികച്ച സ്ഥാനാർഥികളെന്ന് ബി.ജെ.പിക്കാർ പോലും പറഞ്ഞിട്ടില്ല, പക്ഷെ ഇപി പറയുന്നു. കെ.സുരേന്ദ്രൻ പോലും ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞിട്ടില്ല. രാജീവ് ചന്ദ്രശേഖറിനെ ജയിപ്പിക്കാൻ ഇപി ജയരാജൻ വോട്ട് പിടിക്കുന്നു. രാഷ്ട്രീയം അറിയുന്ന എല്ലാവർക്കും അറിയാം മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്ന്. കോൺഗ്രസ് തകരണമെന്ന് ആഗ്രഹിച്ച് അതിന് വഴിയിട്ട് കൊടുക്കുകയാണ് ജയരാജൻ ചെയ്യുന്നത്. ഇതല്ല ഉദ്ദേശമെങ്കിൽ ഇപി അധികം വൈകാതെ ബി.ജെ.പിയിൽ ചേരുമെന്നും ചെന്നിത്തല പറഞ്ഞു.
സിഎഎക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ മുതലക്കണ്ണീർ ഒഴുക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. യോജിച്ച പ്രക്ഷോഭത്തെ ആദ്യ ഘട്ടത്തിൽ പിണറായി വിജയൻ പിന്നിൽ നിന്ന് കുത്തി. പ്രതിഷേധ പരിപാടികളെ പൊലീസിനെ ഉപയോഗിച്ച് നേരിട്ടു. യോഗി ആദിത്യനാഥ് പോലും ചെയ്യാത്ത രീതിയിലാണ് സമരത്തെ അന്ന് പിണറായി വിജയൻ നേരിട്ടതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.