'സംസ്ഥാനത്തെ പഴിച്ച് ലഘൂകരിക്കാനാവില്ല ഇന്ധനവില വർധന'; പ്രധാനമന്ത്രിയുടെ പരാമർശത്തിന് മറുപടിയുമായി മുഖ്യമന്ത്രി

സാധാരണക്കാരുടെ ജീവിതം ദുസ്സഹമാകാതിരിക്കണം. അതിന് ക്രമാതീതമായ നികുതി വർധന ഒഴിവാക്കിയേ തീരൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

Update: 2022-04-28 13:47 GMT
Editor : Dibin Gopan | By : Web Desk
Advertising

തിരുവനന്തപുരം: കേരളമുൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾ പെട്രോളിയം ഉത്പന്നങ്ങളുടെ മേലുള്ള വിൽപ്പന നികുതി കുറക്കുന്നില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ആറു വർഷത്തിനിടയിൽ ഒരിക്കൽ പോലും കേരളം പെട്രോളിയം ഉത്പന്നങ്ങളുടെ മേലുള്ള വിൽപ്പനനികുതി വർധിപ്പിച്ചിട്ടില്ല. ഇന്ധന വർധന പിടിച്ചുനിർത്താനുള്ള നടപടികളാണ് രാജ്യതാത്പര്യം മുൻനിർത്തി കേന്ദ്രസർക്കാർ സ്വീകരിക്കേണ്ടതെന്നും സംസ്ഥാനത്തെ അകാരണമായി പഴിച്ച് ലഘൂകരിക്കാനാവുന്നതല്ല ഇന്ധന വിലവർധനയുടെ ഫലമായി ജനങ്ങൾ അനുഭവിക്കുന്ന ദുരിതമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കോവിഡ് സാഹചര്യം വിലയിരുത്താൻ വിളിച്ച യോഗത്തിൽ കേരളമുൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളുടെ പേരു പറഞ്ഞ് ആ സംസ്ഥാനങ്ങൾ പെട്രോളിയം ഉത്പന്നങ്ങളുടെ മേലുള്ള വിൽപ്പന നികുതി കുറക്കുന്നില്ല എന്ന് പ്രധാനമന്ത്രി പരാമർശിച്ചിരുന്നു. കോ ഓപ്പറേറ്റീവ് ഫെഡറലിസത്തെക്കുറിച്ചും പ്രധാനമന്ത്രി സൂചിപ്പിച്ചു. 2014 മുതലുള്ള കാലയളവിൽ കേന്ദ്രസർക്കാർ 14 തവണ പെട്രോളിയം ഉത്പന്നങ്ങളുടെ മേലുള്ള നികുതി വർധിപ്പിച്ചപ്പോൾ 4 തവണ നികുതിയിൽ കുറവു വരുത്തിയത്.

കേന്ദ്രം വരുത്തുന്ന വർധന സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കുന്ന അടിസ്ഥാന എക്സൈസ് ഡ്യൂട്ടി അല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 2014 ൽ പെട്രോളിന് മേലുള്ള ആകെ എക്സൈസ് തീരുവ 9.48 രൂപയായിരുന്നു. അത് ക്രമേണ 32.98 രൂപയായി വർധിപ്പിക്കുകയും നിലവിൽ 27.9 രൂപയായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഡീസലിന്റേത് 3.56 രൂപയിൽ നിന്നും 31.83 രൂപയായി വർധിപ്പിക്കുകയും നിലവിൽ 21.8 രൂപയായി കുറയ്ക്കുകയും ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ജി.എസ്.ടി നഷ്ടപരിഹാരം ഉൾപ്പെടെയുള്ള വിഹിതം സംസ്ഥാനങ്ങൾക്കു നൽകുന്നതിൽ കാലവിളംബം നടത്തുന്നതുവഴി കോവിഡ് സാഹചര്യത്തിൽ പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങളെ വീണ്ടും സാമ്പത്തിക ഞെരുക്കത്തിലാക്കുകയാണ്. ഇത് കോ ഓപ്പറേറ്റീവ് ഫെഡറലിസത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് അനുസൃതമല്ല. 14 തവണ നികുതി വർധിപ്പിച്ച ശേഷം 4 തവണ കുറവ് വരുത്തുമ്പോൾ നികുതി വർധനവ് ഒരിക്കൽപോലും വരുത്താത്ത കേരളം പോലുള്ള സംസ്ഥാനത്തെ അസാന്ദർഭികമായി വിമർശിക്കുന്നത് ഖേദകരമാണ്. സാമൂഹ്യക്ഷേമ ചെലവുകളുടെ ഗണ്യമായ ഭാഗം വഹിക്കുന്ന സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക നിലയെക്കുറിച്ച് നല്ല ധാരണയുള്ള ഭരണാധികാരിയിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്തതാണ് ഇതെന്നുകൂടി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പല കാരണങ്ങളാൽ രാജ്യത്തുണ്ടായിട്ടുള്ള വിലക്കയറ്റത്തിന്റെ ഉത്തരവാദിത്തം സാമ്പത്തിക മാനേജ്മെന്റ് കൈകാര്യം ചെയ്യുന്ന കേന്ദ്രസർക്കാരിനല്ല, മറിച്ച് ചില സംസ്ഥാനങ്ങൾക്കാണ് എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം ഫെഡറൽ സംവിധാനത്തിൽ ഉണ്ടാകാൻ പാടില്ലാത്തതാണ്. സാധാരണക്കാരുടെ ജീവിതം ദുസ്സഹമാകാതിരിക്കണം. അതിന് ക്രമാതീതമായ നികുതി വർധന ഒഴിവാക്കിയേ തീരൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Full View

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News